പറവൂർ: അനധികൃതമായി ഓൺലൈനിൽ മരുന്ന് വില്പന നടത്തിയ പറവൂർ പൂശാരിപ്പടിയിലെ ജെ.ജെ. മെഡിക്കൽസിനെതിരെ സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ കേസെടുത്തു. പരിശോധനയിൽ കണ്ടെടുത്ത മരുന്നുകളും അനുബന്ധരേഖകളും ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.
ആരോഗ്യത്തിന് ഹാനികരമാകുന്ന ഷെഡ്യൂൾ എച്ച് വിഭാഗത്തിൽ ഉൾപ്പെടുന്ന മരുന്നുകൾ പർച്ചേസ് ബിൽ ഇല്ലാതെ വാങ്ങിയതായും ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഓൺലൈനായി വില്പന നടത്തിയതായും കണ്ടെത്തി. വകുപ്പിലെ ഉദ്യോഗസ്ഥൻ സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ കയറി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഓൺലൈനായി മരുന്ന് ആവശ്യപ്പെട്ടപ്പോൾ അത് അയച്ചുകൊടുത്തു. അന്വേഷണത്തിൽ അയച്ച സ്ഥാപനത്തിന്റെ വിലാസം വ്യാജമായിരുന്നു.
അനധികൃതമായി ഓൺലൈനിൽ മരുന്ന് വില്പന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം നിയമനടപടി സ്വീകരിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്.
അസിസ്‌റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ കെ. സന്തോഷ് മാത്യു, റീജിണൽ ഡ്രഗ്‌സ് ഇൻസ്പെക്‌ടർ ടി.ഐ. ജോഷി, ഡ്രഗ്‌സ് ഇൻസ്പെക്‌ടർ ഇന്റലിജൻസ് ബ്രാഞ്ച് കെ.ആർ. നവീൻ, ഡ്രഗ്‌സ് ഇൻസ്പെക്ടർമാരായ നിഷ വിൻസന്റ്, വി.എസ്. ധന്യ, അഞ്ജിത ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |