വർക്കല: അമിതവേഗത്തിലും സൈലൻസർ വഴി ഉയർന്ന ശബ്ദമുണ്ടാക്കിയും നമ്പർ പ്ലേറ്റ് ഇല്ലാതെയും യാത്രചെയ്ത യുവാക്കൾ വർക്കലയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വേഷം മാറി നടത്തിയ പരിശോധനയിൽ കുടുങ്ങി. നൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്തതിൽ 2,92,250 രൂപ പിഴയീടാക്കി. ഇൻഷ്വറൻസ് ഇല്ലാത്ത 20 വാഹനങ്ങൾ, ഫിറ്റ്നസ് ഇല്ലാത്ത 4 വാഹനങ്ങൾ, നമ്പർ പ്ലേറ്റ് ഇല്ലാത്ത 4 വാഹനങ്ങൾ, രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞ 10 വാഹനങ്ങൾ, ടാക്‌സ് അടയ്ക്കാത്ത 13വാഹനങ്ങൾ, എയർ ഹോൺ ഉപയോഗിച്ച 5വാഹനങ്ങൾ, സീബ്രാ ലൈനിൽ വേഗത കുറയ്ക്കാതെ സഞ്ചരിച്ച വാഹനങ്ങൾ, ലൈസൻസ് ഇല്ലാത്തവർ എന്നിവർക്കാണ് പിഴ ചുമത്തിയത്.
തിരുവനന്തപുരം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ നിർദ്ദേശപ്രകാരം വർക്കല ജോയിന്റ് ആർ.ടി.ഒ ഷീബ രാജന്റെ നേതൃത്വത്തിൽ മോട്ടോർ വാഹന ഇൻസ്പെക്ടർ സാബു, തിരുവനന്തപുരം ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് ഇൻസ്പെക്ടർ ദിനൂപ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ശ്രീജിത്, സാം എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.
താഴെവെട്ടൂർ റോഡ്, വർക്കല ഗവ. മോഡൽ സ്കൂൾ ജംഗ്ഷൻ, ശിവഗിരി സ്കൂൾ-കോളേജ് പരിസരം, ചാവർകോട്,പാളയംകുന്ന്,അയിരൂർ,ഇടവ,വില്ലിക്കടവ് തുടങ്ങിയ ഇടങ്ങളിലായിരുന്നു പരിശോധന. സ്കൂൾ പരിസരങ്ങളിലും തിരക്കേറിയ റോഡുകളിലും യുവാക്കളുടെ അഭ്യാസപ്രകടനങ്ങളും അമിതവേഗതയും ചൂണ്ടിക്കാട്ടി നിരവധി പരാതികൾ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിരുന്നു. നിരുത്തരവാദിത്വപരമായ ഡ്രൈവിംഗിനെതിരായ നിരീക്ഷണങ്ങൾ ശക്തമാക്കുമെന്നും സമാനമായ പരിശോധനകൾ തുടരുമെന്നും ആർ.ടി.ഒ ഉദ്യോഗസ്ഥർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |