
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കേണ്ട അവസാന ദിവസം നാളെയാണെന്നിരിക്കെ, വിമതരെ എങ്ങനെയും പിന്തിരിപ്പിക്കാനുള്ള അവസാന ശ്രമത്തിൽ മുന്നണികൾ. ഇന്നത്തെ പ്രധാന ദൗത്യം ഇതാണ്. അത്രയ്ക്കുണ്ട് വിമത ഭീഷണി.
തർക്കം പരിഹരിച്ച് പത്രിക പിൻവലിപ്പിക്കാൻ ജില്ലാ, സംസ്ഥാന നേതാക്കളെയാണ് മുന്നണികൾ ചുമതലപ്പെടുത്തിയിട്ടുള്ളത്. വഴങ്ങാത്തവരെ പാർട്ടിയിൽ നിന്നു പുറത്താക്കാനാണ് സി.പി.എം തീരുമാനം. ഒത്തുതീർപ്പിന്റെ വഴിയാണ് യു.ഡി.എഫും എൻ.ഡി.എയും സ്വീകരിച്ചിരിക്കുന്നത്.
തലസ്ഥാന ജില്ലയിൽ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് മത്സരിക്കാനിറങ്ങിയ ഉള്ളൂർ, ചെമ്പഴന്തി ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ. ശ്രീകണ്ഠൻ, ആനി അശോകൻ എന്നിവരെ സി.പി.എം പുറത്താക്കി. വാഴോട്ടുകോണത്ത് ലോക്കൽ കമ്മിറ്റി അംഗം കെ.വി. മോഹനൻ വിമതനാണ്. യു.ഡി.എഫിൽ പുഞ്ചക്കരി, കഴക്കൂട്ടം, പൗണ്ടുകടവ് വാർഡുകളിലാണ് വിമതരുള്ളത്. കഴക്കൂട്ടത്ത് ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി പി. ലാലു, പൗണ്ടുകടവിൽ കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് സുധീഷ്, പുഞ്ചക്കരിയിൽ മുൻ കൗൺസിലർ കൃഷ്ണവേണി എന്നിവരാണ് വിമതർ. വർക്കല, നെയ്യാറ്റിൻകര, നെടുമങ്ങാട് മുനിസിപ്പിലാറ്റികളിൽ യു.ഡി.എഫിലും എൻ.ഡി.എയിലും വിമതരുണ്ട്.
കൊല്ലത്ത് ഇടതുമുന്നണിയിൽ സി.പി.എം- സി.പി.ഐ തർക്കമാണ് വിമതരിലെത്തിയത്. കൊറ്റങ്കര, ഇളമ്പള്ളൂർ, പേരയം പഞ്ചായത്ത് വാർഡുകളിൽ ഇരു പാർട്ടികളും നേർക്കുനേരാണ് മത്സരം. കോട്ടയത്ത് യു.ഡി.എഫിലാണ് വിമതപ്രശ്നം രൂക്ഷം. സീറ്റ് വിഭജനത്തിലെ അതൃപ്തിയാണ് കാരണം. ജയസാദ്ധ്യത ഇല്ലാത്തതെന്നു പറഞ്ഞ് ജില്ലാ പഞ്ചായത്തിൽ ലഭിച്ച വൈക്കം സീറ്റ് ലീഗും വെള്ളൂർ സീറ്റ് കേരള കോൺഗ്രസും (ജോസഫ്) തിരിച്ചു നൽകി. മാരത്തൺ ചർച്ചയിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വം.
ആലപ്പുഴയിൽ വിമതരായി നിൽക്കുന്നത് യൂത്ത് കോൺഗ്രസാണ്. അമ്പലപ്പുഴ ജില്ലാ പഞ്ചായത്തിൽ എ.ആർ. കണ്ണനെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീൺ രംഗത്തുണ്ട്. ജില്ലയിൽ എൻ.ഡി.എയ്ക്കും വിമത ഭീഷണിയുണ്ട്.
ഇടുക്കിയിലും യു.ഡി.എഫിനാണ് ടെൻഷൻ കൂടുതൽ. പൈനാവ്, ഉപ്പുതറ, കരിമണ്ണൂർ, അടിമാലി, വെള്ളത്തൂവൽ ജില്ലാ ഡിവിഷനുകളിൽ കെ.പി.സി.സി നേരിട്ട് സ്ഥാനാർത്ഥികളെ നിശ്ചയിച്ചെങ്കിലും ഗ്രൂപ്പുപോര് കാരണം അംഗീകരിച്ചിച്ചില്ല. കട്ടപ്പന നഗരസഭയിൽ കെ.സി. വേണുഗോപാൽ വിഭാഗവും തൊടുപുഴ നഗരസഭയിൽ വനിതാ സ്ഥാനാർത്ഥിയും വിമതരാണ്. കെ.പി.സി.സി തലത്തിലാണ് സമവായ ചർച്ച.
തൃശ്ശൂരിൽ കോട്ടപ്പുറത്ത് എൽ.ഡി.എഫിലെ പി. ഹരിക്കെതിരെ വിമതൻ സി.പി.എം ചക്കാമുക്ക് ബ്രാഞ്ച് കമ്മിറ്റി അംഗം ജിതിനാണ്. തൃശൂർ നഗരസഭയിൽ ബി.ജെ.പി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നത് പാർട്ടി പ്രവർത്തകനായ സി.ആർ. സുജിത്താണ്. പത്മജയുടെ സമ്മർദ്ദത്തിൽ സീറ്റ് നിഷേധിച്ചെന്നാണ് സുജിത്തിന്റെ പരാതി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വിമതർ പലേടത്തുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |