
തിരുവനന്തപുരം: തന്റെ മുൻഗാമികളുടെ കാലത്തും ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി എ. പത്മകുമാർ. യു.ഡി.എഫ് കാലത്തെ ബോർഡിനെയും സംശയത്തിലാക്കി രക്ഷപെടാനുള്ള ശ്രമമാണിത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശാൻ പാളികൾ വിട്ടുനൽകിയത് തന്റെ മാത്രം തീരുമാനമല്ലെന്നും ബോർഡിലെ മറ്റംഗങ്ങൾക്കും അറിവുണ്ടായിരുന്നെന്നുമാണ് പത്മകുമാറിന്റെ മൊഴി. ബോർഡംഗങ്ങളായിരുന്ന കെ.പി.ശങ്കരദാസും എ.വിജയകുമാറും ഇതോടെ കുരുക്കിലായി. 2019കാലത്തെ തന്ത്രിക്കെതിരെയും പത്മകുമാർ മൊഴിനൽകി.
തന്ത്രിയുടെ മൊഴിയെടുക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം. കട്ടിളപ്പാളയിലെ സ്വർണക്കൊള്ളക്കേസിൽ എട്ടാം പ്രതിയാണ് പത്മകുമാർ. പോറ്റിയുമായി ഉറ്റ ബന്ധമുള്ള നിരവധി ഉന്നതരുടെ പേരുകൾ പത്മകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർ നൽകിയ ഫയലിൽ തീരുമാനമെടുക്കുക മാത്രമായിരുന്നുവെന്ന് പത്മകുമാർ ചോദ്യം ചെയ്യലിൽ ആവർത്തിച്ചു. പക്ഷേ, ബോർഡ് യോഗത്തിനുള്ള അജൻഡ നോട്ടിലെ മുപ്പതാം ഇനത്തിൽ പിത്തളയിൽ എന്ന ഭാഗം വെട്ടി സ്വന്തം കൈപ്പടയിൽ ചെമ്പ് പാളികൾ എന്നെഴുതിയതും,പാളികൾ പോറ്റിക്ക് നൽകാമോയെന്ന ഭാഗത്ത് അനുവദിക്കുന്നെന്ന് എഴുതി ഒപ്പിട്ടു നൽകിയതുമാണ് കുരുക്കായത്. കട്ടിളപ്പാളിയിൽ സ്വർണമുണ്ടെന്ന് അറിവുണ്ടായിരിക്കെയാണ് ഇത് ചെയ്തത്. ബോർഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 2019മാർച്ച്20ന് ദേവസ്വം സെക്രട്ടറി പോറ്റിക്ക് സ്വർണപ്പാളികൾ നൽകാൻ ഉത്തരവിറക്കി. പോറ്റിയും കൂട്ടാളികളും ചേർന്നുള്ള സ്വർണക്കൊള്ളയ്ക്ക് പത്മകുമാർ ഒത്താശ ചെയ്തെന്നും ദേവസ്വത്തിനും ശബരിമലയ്ക്കും നഷ്ടം വരുത്തിയെന്നും റിപ്പോർട്ടിലുണ്ട്.
തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ എസ്.ഐ.ടി അപേക്ഷ നൽകും. അജൻഡാനോട്ടിൽ തിരുത്തൽ വരുത്തിയത് പത്മകുമാറാണെന്നും ചെമ്പെന്ന് എഴുതിച്ചേർത്തത് തങ്ങളുടെ അറിവോടെയല്ലെന്നുമാണ് കെ.പി.ശങ്കരദാസും എ.വിജയകുമാറും മൊഴി നൽകിയത്. ഇത് എസ്.ഐ.ടി പൂർണമായി വിശ്വസിച്ചിട്ടില്ല. കൂട്ടായ തീരുമാനമാണെന്നാണ് പത്മകുമാറിന്റെ മൊഴി. ബോർഡ് യോഗങ്ങളുടെ മിനുട്ട്സുകളടക്കം പരിശോധിക്കുകയാണ് പോറ്റിക്കായി പത്മകുമാർ നടത്തിയ ഇടപെടലുകൾ കണ്ടെത്താൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന രാജേന്ദ്രനടക്കം ചോദ്യംചെയ്യും.
ജയറാമിനെ
സാക്ഷിയാക്കും
കട്ടിളപ്പാളികളും ശ്രീകോവിലെ വാതിലുമായി ഉണ്ണികൃഷ്ണൻസപോറ്റി വിവിധ സ്ഥലങ്ങളിൽ പൂജ നടത്തിയിരുന്നു. പൂജയുടെ ഭാഗമായ നടൻ ജയറാമിനെ കേസിൽ സാക്ഷിയാക്കും. ജയറാമിന്റെ മൊഴിയെടുക്കാൻ എസ്.ഐ.ടി സമയം തേടി. പൂജകളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയതും അന്വേഷിക്കുന്നുണ്ട്.
റിയൽഎസ്റ്റേറ്റ്
ഇടപാടും ?
പോറ്റിയും പത്മകുമാറും തമ്മിൽ റിയൽഎസ്റ്രേറ്റ് ഇടപാടുണ്ടോയെന്നും എസ്.ഐ.ടി പരിശോധിക്കുന്നു. ഇരുവരും തമ്മിൽ സാമ്പത്തികയിടപാടുണ്ടായിരുന്നെന്ന് വിവരം കിട്ടിയിട്ടുണ്ട്. 3ജില്ലകളിൽ വ്യാപാരസ്ഥാപനങ്ങൾ വാങ്ങുകയോ ലീസിനെടുക്കുകയോ ചെയ്തതായും വിവരമുണ്ട്. പോറ്റി 30കോടിയുടെ റിയൽഎസ്റ്രേറ്റ് ഇടപാടുകൾ നടത്തിയതായും എസ്.ഐ.ടിക്ക് വിവരം കിട്ടിയിട്ടുണ്ട്. ബോർഡ് പ്രസിഡന്റായിരിക്കെ പത്മകുമാർ നൽകിയ കരാറുകളുടെ രേഖകളടക്കം എസ്.ഐ.ടി ശേഖരിക്കുന്നുണ്ട്. പത്മകുമാറിന്റെ വീട്ടിലെ റെയ്ഡിൽ ദേവസ്വം രേഖകൾ
പത്മകുമാറും പോറ്റിയുമായി ഉറ്റബന്ധമായിരുന്നെന്ന് എസ്.ഐ.ടി പറയുന്നു. വീട്ടിലെ നിത്യസന്ദർശകനായിരുന്നു. സ്വർണക്കൊള്ളയുടെ ഗൂഢാലോചന വീട്ടിൽ നടന്നതായും
സംശയിക്കുന്നു.. പത്മകുമാറിന്റെ മകൻ ശബരിമലയിലെ യോഗദണ്ഡ് അടക്കം സ്വർണംപൂശിയ ഇടപാടുകളും പരിശോധിക്കും..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |