
ദമ്പതികളുടെ ഉത്പന്നം ഹിറ്റ്
ആലപ്പുഴ : നെല്ലിന്റെ ഉമിയിൽ നിന്നുണ്ടാക്കിയ പ്ളേറ്റും അരിപ്പൊടിയിലുണ്ടാക്കിയ സ്ട്രോയും. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ 'തൂശൻ' എന്ന പേരിലിറക്കി ശ്രദ്ധ നേടുകയാണ് മലയാളി ദമ്പതികൾ. പ്ളേറ്റ് ഉപയോഗശേഷം ചെടിക്ക് വളമാക്കാം. കോഴിത്തീറ്റ, മീൻതീറ്റ എന്നിവയായും ഉപയോഗിക്കാം. സ്ട്രോ ഭക്ഷ്യയോഗ്യമാണ്.
കോയമ്പത്തൂരിൽ സ്ഥിരതാമസക്കാരായ മലയാളികളായ വിനയ്‌കുമാർ ബാലകൃഷ്ണനും ഭാര്യ ഇന്ദിര നായരുമാണ് തൂശന് പിന്നിൽ. പ്ലേറ്റിന് ചുവപ്പ് നിറം കിട്ടാൻ പാലക്കാടൻ മട്ടയുടെ ഉമിയാണ് ഉപയോഗിക്കുന്നത്. രണ്ടുമണിക്കൂർ വരെ പ്ലേറ്റ് അലിയില്ല. 140 ഗ്രി സെൽഷ്യസ് താപനില വരെ താങ്ങും. മണ്ണിൽ 30 ദിവസംകൊണ്ട് അലിഞ്ഞുചേരും. എഫ്.എസ്.എസ്.എ.ഐ സർട്ടിഫിക്കേഷനോടെയാണ് സ്ട്രോ വിപണിയിലിറക്കുന്നത്. ഒരുമണിക്കൂർ വരെ സ്ട്രോയും അലിയില്ല.
മുൻ ബാങ്ക് ഉദ്യോഗസ്ഥയാണ് ഇന്ദിര. വിനയ്‌കുമാർ മൗറീഷ്യസിൽ ഇൻഷ്വറൻസ് കമ്പനിയിൽ സി.ഇ.ഒ ആയിരുന്നു. കോയമ്പത്തൂരിൽ ചാവടിയിലാണ് ഫാക്ടറിയുടെ പ്രവർത്തനം. ഐ.എ.ടി മുംബയിലെ റിസർച്ച് വിദ്യാർത്ഥി രോഹിത്, എൻ.ഐ.എഫ്.ടി ബംഗളൂരുവിലെ ഫാഷൻ ടെക്നോളജി വിദ്യാർത്ഥി ഗായത്രി എന്നിവരാണ് മക്കൾ.
10 രാജ്യങ്ങളിലേക്ക്
കയറ്റുമതി
തൂശൻ പ്ലേറ്റുകൾ സിംഗപ്പൂർ, ഓസ്ട്രേലിയ, ഹംഗറി, ലക്സംബർഗ്, ബെൽജിയം, ജെർമനി, മെക്സിക്കോ, മൗറീഷ്യസ്, യു.എസ്.എ, കാനഡ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലും വില്പനയുണ്ട്. ഹോട്ടലുകൾ, ആശുപത്രികൾ, കേറ്ററിംഗ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നൊക്കെ ഓർഡറുണ്ട്.
പ്ലേറ്റിന്റെ സൈസ്, വില
12 ഇഞ്ച് - 12 രൂപ
10 ഇഞ്ച് - 10 രൂപ
8 ഇഞ്ച് - 8 രൂപ
6 ഇഞ്ച് - 6 രൂപ
സ്ട്രോ
8 എം.എം - 2 രൂപ
12 എം.എം - 3 രൂപ
പുതിയ ഉത്പന്നങ്ങൾ വൈകാതെ പുറത്തിറക്കും.അതിനുള്ള ശ്രമത്തിലാണ്-വിനയ്‌കുമാർ ബാലകൃഷ്ണൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |