കൊല്ലം: ജില്ലയിൽ ഉൾപ്പടെ ഒരിടവേളയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴ കനക്കുന്നു. വരും ദിവസങ്ങളിലും മഴ ശക്തിപ്രാപിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് മുതൽ 26 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്നലെയും ജില്ലയിൽ യെല്ലോ അലർട്ടായിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിലടക്കം വ്യാപകമായി നിറുത്തതാതെ മഴ പെയ്യുന്ന സാഹചര്യമാണ്. എന്നാൽ നാശനഷ്ടം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ ഉൾപ്പടെ വെള്ളക്കട്ട് രൂപപ്പെട്ടു. ആശ്രാമം ബസ് സ്റ്റോപ്പ്, ക്യാമ്പിന് സമീപത്തെ ബസ് സ്റ്റോപ്പ്, വീ പാർക്ക് എന്നിവിടങ്ങളെല്ലാം വെള്ളക്കെട്ടായി.
പുനലൂരിൽ 38.8 മില്ലി മീറ്ററും പാരിപ്പള്ളി 28 മില്ലി മീറ്ററും ചവറയിൽ 19.5 മില്ലി മീറ്ററും തെന്മലയിൽ 15.5 മില്ലി മീറ്ററും ആര്യങ്കാവിൽ 15.2 മില്ലി മീറ്ററും കൊല്ലത്ത് 15 മില്ലി മീറ്ററും മഴ ലഭിച്ചു. ഇടിമിന്നൽ സാദ്ധ്യത മനസിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്ളിക്കേഷൻ ഉപയോഗിക്കാവുന്നതാണെന്ന് അധികൃതർ പറഞ്ഞു.
ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും
കന്യാകുമാരി കടലിനും ഭൂമദ്ധ്യരേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം
തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതചുഴി
മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു
പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളത്തോടെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദ്ദമാകാൻ സാദ്ധ്യത
തുടർന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തിപ്രാപിക്കാൻ സാദ്ധ്യത
ഇടിമിന്നലിൽ ജാഗ്രത വേണം
ലക്ഷണം കണ്ടാലുടൻ സുരക്ഷിത കെട്ടിടത്തിലേക്ക് മാറുക
തുറസായ സ്ഥലങ്ങളിൽ ഇടിമിന്നൽ സാദ്ധ്യത വർദ്ധിപ്പിക്കും
വാതിലിനും ജന്നലിനും അടുത്ത് നിൽക്കരുത്
കെട്ടിടത്തിനകത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കരുത്
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക
ടെലിഫോൺ ഉപയോഗിക്കരുത്
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല
വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്, വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്
കുളിക്കുന്നതും വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക
പട്ടം പറത്തുന്നത് ഒഴിവാക്കുക
മിന്നലേറ്റാൽ പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്
വിളിക്കേണ്ട നമ്പർ
വൈദ്യുതി ലൈൻ അപകടം-1056
കളക്ടറേറ്റ് കൺട്രോൾ റൂം -1077, 0474-2794002, 9447677800
കെ.എസ്.ഇ.ബി കൺട്രോൾ റൂം-1912
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |