
കോലഞ്ചേരി: പ്രചാരണം അവസാന ലാപ്പിലേയ്ക്ക് എത്തിനിൽക്കുമ്പോൾ സ്ഥാനാർത്ഥികൾക്ക് പാരയായി ഫ്ലെക്സുകൾ. ഫ്ലെക്സ് നിരോധനത്തിന് ശേഷം പോളിഎത്തിലീനിൽ നിർമ്മിച്ച കോട്ടൺ തുണിയിലാണ് പ്രിന്റിംഗ്. ഈ നിബന്ധന കർശനമായി നടപ്പാക്കാൻ ശുചിത്വമിഷന് കർശന നിർദ്ദേശം ലഭിച്ചതോടെ പ്രിന്റിംഗ് യൂണിറ്റുകളിൽ നേരിട്ടെത്തിയുള്ള പരിശോധന തുടങ്ങി. കോട്ടണിൽ അല്ല പ്രിന്റിംഗ് എങ്കിൽ 10,000 രൂപയാണ് പിഴ. നിരോധിത ഉത്പന്നങ്ങൾ കൊണ്ടുനിർമ്മിച്ച ഫ്ളക്സ് ബോർഡുകൾ ഉടനടി നീക്കം ചെയ്യണമെന്ന് സ്ഥാനാർത്ഥികൾക്കും ജില്ലാ കളക്ടർമാർ നിർദ്ദേശം കൈമാറിയിട്ടുണ്ട്. ഇവ പിടിച്ചെടുത്താൽ 5000 രൂപ പിഴയായി വാങ്ങാനും തിരഞ്ഞെടുപ്പ് ചെലവിൽ പെടുത്താനുമാണ് നിർദ്ദേശം.
സംസ്ഥാനത്തെമ്പാടും 95 ശതമാനം സ്ഥാനാർത്ഥികളും ബോർഡുകൾ തയ്യാറാക്കിക്കഴിഞ്ഞു. ഇനി മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് വലിയ വില നൽകേണ്ടി വരും. ഇപ്പോൾ ഉപയോഗിക്കുന്ന തുണി പോളിയെസ്റ്റർ മിക്സാണ്. ഇതിൽ പ്രിന്റ് ചെയ്താൽ പ്ളാസ്റ്റിക് ഫ്ലെക്സിന് സമാനമായ തിളക്കം ലഭിക്കും. പോളിഎത്തിലീനിൽ പ്രിന്റ് ചെയ്താൽ എഴുത്തും ചിത്രവും പടർന്നുപോകുമെന്നും കാഴ്ചയിൽ ഭംഗിയുണ്ടാവില്ലെന്നുമാണ് പ്രസ് ഉടമകളുടെ വാദം. പോളിഎത്തിലീൻ വിപണിയിൽ ആവശ്യത്തിന് ലഭ്യവുമല്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ ആവശ്യത്തിനുള്ള റോൾ വിപണിയിൽ ലഭ്യമായിരുന്നില്ലെന്ന് പ്രസ് ഉടമകൾ പറയുന്നു. വച്ച ഫ്ലെക്സുകൾ അഴിച്ചു മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് വീണ്ടും ചെലവ് വരുന്ന സാഹചര്യത്തിൽ എന്തു ചെയ്യണമെന്നറിയാത്ത ആശങ്കയിലാണ് സ്ഥാനാർത്ഥികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |