ചവറ: ജില്ലാ പഞ്ചായത്തിൽ ഇടതിനും വലതിനും പ്രാതിനിദ്ധ്യം കൊടുത്ത ഡിവിഷനാണ് ചവറ. എന്നാൽ ബി.ജെ.പിക്ക് കാര്യമായ സ്വീകാര്യത നേടിയെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 1995 ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസിന്റെ സേതുനാഥൻപിള്ള വിജയിച്ചു. അന്ന് എൽ.ഡി.എഫിലെ ആർ.എസ്.പിയുടെ ചവറ വാസുപിള്ളയെയാണ് പരാജയപ്പെടുത്തിയത്.
2000ൽ വനിതാ സംവരണമായപ്പോൾ എൽ.ഡി.എഫിന്റെ ഭാഗമായി നിന്ന ആർ.എസ്.പിയിലെ രത്നമ്മയെ യു.ഡി.എഫിന്റെ ഭാഗമായ ആർ.എസ്.പി (ബി) യിലെ ശോഭ പരാജയപ്പെടുത്തി.
2005ൽ എൽ.ഡി.എഫ് പ്രതിനിധിയായ ആർ.എസ്.പിയിലെ സി.പി.സുധീഷ് കുമാർ യു.ഡി.എഫിലെ കോൺഗ്രസ് പ്രതിനിധിയായ
സേതുനാഥൻ പിള്ളയെ കന്നി മത്സരത്തിൽ തന്നെ പരാജയപ്പെടുത്തി. 2010ൽ സീറ്റ് ഉറപ്പിക്കാൻ ആർ.എസ്.പി (ബി) യുടെ ജില്ലാ സെക്രട്ടറിയായ ആർ.ശ്രീധരൻ പിള്ളയെ യു.ഡി.എഫ് കളത്തിലിറക്കിയെങ്കിലും എൽ.ഡി.എഫിന്റെ ആർ.എസ്.പി പ്രതിനിധിയായ സി.പി.സുധീഷ് കുമാറിന്റെ തേരോട്ടത്തിൽ തോൽവി എറ്റുവാങ്ങേണ്ടിവന്നു.
2015ൽ വനിതാ സംവരണമായിരുന്നു. ഇതിനിടെ രാഷ്ട്രീയ തീരുമാനത്തെ തുടർന്ന് ഇരു ആർ.എസ്.പികളും ഒന്നിച്ച് യു.ഡി.എഫിന്റെ ഭാഗമായി. തുടർന്ന് യു.ഡി.എഫിന് വേണ്ടി ആർ.എസ്.പി പ്രതിനിധിയായി എസ്.ശോഭ മത്സരരംഗത്തിറങ്ങി എൽ.ഡി.എഫിന്റെ സി.പി.ഐ പ്രതിനിധിയായ വത്സലകുമാരിയെ പരാജയപ്പെടുത്തി. 2020ൽ വീണ്ടും സി.പി.സുധീഷ് കുമാർ മത്സരിക്കാനെത്തി. സുധീഷിന്റെ അശ്വമേധത്തെ തടയാൻ ആർ.എസ്.പി ലെനിനിസ്റ്റിന്റെ ശ്യാം പള്ളിശേരിക്കും സാധിച്ചില്ല. ജില്ലയിലെ റെക്കാഡ് ഭൂരിപക്ഷമാണ് സുധീഷിന് ലഭിച്ചത്.എന്നാൽ ഇക്കുറി ആദ്യഘട്ടത്തിൽ ചവറ ഡിവിഷൻ എൽ.ഡി.എഫ് കേരള കോൺഗ്രസിന് (എം) നൽകിയിരുന്നെങ്കിലും സ്ഥാനാർഥി നിർണയത്തിലെ അപാകത മൂലം സി.പി.എം സീറ്റ് തിരിച്ചെടുക്കുകയായിരുന്നു. ഇത്തവണ സീറ്റ് തിരിച്ച് പിടിക്കാൻ എൽ.ഡി.എഫിനായി സി.പി.എമ്മിലെ മുൻ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണകുമാറാണ് രംഗത്തുള്ളത്. സീറ്റ് ഏത് വിധേനയും നിലനിറുത്താൻ യു.ഡി.എഫിനായി ആർ.എസ്.പിയുടെ ഐ.ജയലക്ഷ്മിയും, ഒരു കൈ നോക്കാൻ ബി.ജെ.പിക്കായി എസ്.സൗമ്യയും രംഗത്തിറങ്ങുന്നതോടെ മത്സരത്തിന് കഠിന്യമേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |