
കൊല്ലം: ഒന്നര വർഷത്തിനകം ആഡംബര സൗകര്യങ്ങളുള്ള രണ്ട് കപ്പലുകൾ നിർമ്മിച്ച് ക്രൂസ് സർവീസ് ആരംഭിക്കാൻ കേരള മാരിടൈം ബോർഡ്. കപ്പലുകളുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ മാരിടൈം ബോർഡ് തീരുമാനിച്ചു.
മാരിടൈം നേവൽ ആർക്കിടെക്ട്, കപ്പലിൽ ജോലി ചെയ്തിട്ടുള്ള ചീഫ് എൻജിനിയർമാർ, കുസാറ്റിലെ രണ്ട് വിദഗ്ദ്ധർ എന്നിവർ ഉൾപ്പെട്ടതാകും വിദഗ്ദ്ധ സമിതി. കപ്പലിന്റെ നീളം, വീതി, ആഴം, പാസഞ്ചർ കപ്പാസിറ്റി, സഞ്ചാരികളെ ആകർഷിക്കാൻ ഉണ്ടാകേണ്ട സൗകര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച പഠനം നടത്തി രണ്ട് മാസത്തിനകം പ്രാഥമിക രൂപരേഖ തയ്യാറാക്കും. അതിന് പിന്നാലെ ടെണ്ടർ ക്ഷണിച്ച് നിർമ്മാണ കരാർ ഉറപ്പിക്കും. നിർമ്മാണത്തിന് എട്ട് മാസം മുതൽ ഒരു വർഷം വരെ വേണ്ടി വരും. ഒരു കപ്പലിന് ഏകദേശം 20 കോടിയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.
കൊല്ലം, ബേപ്പൂർ തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ക്രൂസ് സർവീസ് നടത്താനാണ് നിലവിലെ ആലോചന. ബേപ്പൂർ പോർട്ട് കേന്ദ്രീകരിച്ച് ക്രൂസ് സർവീസിന് സ്വകാര്യ ഏജൻസിയുമായി ചർച്ച നടക്കുന്നുണ്ട്. അത് കരാറായാൽ രണ്ടാമത്തെ ഷിപ്പ് കണ്ണൂർ അഴീക്കൽ പോർട്ട് കേന്ദ്രീകരിച്ച് സർവീസ് നടത്തും.
പഞ്ചനക്ഷത്ര സൗകര്യങ്ങൾ
സഞ്ചാരികളെ ആകർഷിക്കാൻ പഞ്ചനക്ഷത്ര സൗകര്യങ്ങൾ
പൂർണമായും ശീതീകരിച്ച റെസ്റ്റോറന്റ്
ബിയർ പാർലർ, ബാർ, ബാങ്കറ്റ് ഹാൾ, ത്രീഡി തിയേറ്റർ, കുട്ടികൾക്കുള്ള കളിസ്ഥലം
സൺ സെറ്റ് ക്രൂസാണ് പ്രധാന ആലോചന
സൂര്യാസ്തമനം കാണാവുന്ന തരത്തിൽ 20 നോട്ടിക്കൽ മൈൽ വരെ ഉൾക്കടലിലേക്ക് പോയി മടങ്ങിവരും
ഡെസ്റ്റിനേഷൻ വെഡിംഗ്, കോർപ്പറേറ്റ് കോൺഫറൻസുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |