
നോട്ടിംഗ്ഹാം: തിരക്കുള്ള ഇടങ്ങളിൽ ചെല്ലുമ്പോൾ കൈവശമുള്ള വിലപിടിപ്പുള്ള വസ്‌തുക്കൾ നഷ്ടപ്പെടാതിരിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അത്തരം ഇടങ്ങളിൽ അവ മോഷണം പോകാനുള്ള സാദ്ധ്യത കൂടുതലാണ്. എന്നാൽ അധികം തിരക്കില്ലാത്തൊരിടത്ത് വച്ച് നമ്മൾ പോലും അറിയാതെ സാധനങ്ങൾ അടിച്ചുമാറ്റുന്നവരുമുണ്ട്. അത്തരത്തിൽ ഫോണും പേഴ്‌സും അടിച്ചുമാറ്റുന്നതിനായി ഒരു മോഷ്‌ടാവ് കണ്ടെത്തിയ തന്ത്രമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്.
മദ്യപിച്ച് നൃത്തം ചെയ്യുന്നതായി നടിച്ച് കാൽനടയാത്രക്കാർക്ക് അരികിലെത്തിയാണ് യുവാവ് മൊബൈൽഫോണും പേഴ്‌സും അടിച്ചുമാറ്റുന്നത്. നോട്ടിംഗ്ഹാമിലെ തെരുവിലാണ് സംഭവം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ചർച്ചയായതോടെ ജനങ്ങളോട് ജാഗ്രത പാലിക്കാൻ പൊലീസ് നിർദ്ദേശിച്ചു.
മദ്യപിച്ചതായി നടിക്കുന്ന യുവാവ് ആദ്യം കാൽനടയാത്രക്കാരെ അഭിവാദ്യം ചെയ്യും. പിന്നീട് നൃത്തം ചെയ്‌ത് അവർക്കരികിലെത്തും.തുടർന്ന് യാത്രക്കാരനോട് അടുപ്പം കാട്ടി ദേഹത്തോട് ചേർന്നുനിന്ന് നൃത്തം ചെയ്യും. ഇതിനിടയിൽ അയാളുടെ പോക്കറ്റിൽ നിന്ന് പേഴ്‌സും ഫോണും അടിച്ചുമാറ്റിയിരിക്കും. എന്നാൽ ഇയാളെ ഒഴിവാക്കാനുള്ള ശ്രമത്തിനിടയിൽ ഇരകൾ മോഷണത്തെക്കുറിച്ച് അറിയാതെ പോകുന്നു.
മോഷ്‌ടാവിനെ തിരിച്ചറിയുന്നവർ ഉടൻ തങ്ങൾക്ക് വിവരം നൽകണമെന്ന് നോട്ടിംഗ്ഹാം പൊലീസ് അറിയിച്ചു. രാജ്യത്തുടനീളം സമാനമായരീതിയിൽ മോഷണങ്ങൾ നടന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. ഇരയുടെ ശ്രദ്ധതിരിച്ചുവിട്ട് മോഷണം നടത്തുന്നതിനായാണ് നൃത്തം ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അതിനാൽ അത്തരത്തിലുള്ള നീക്കവുമായി അരികിലെത്തുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |