
ന്യൂഡൽഹി: സാമൂഹിക പരിവർത്തനത്തിനായി സാങ്കേതികവിദ്യയെ ഉപയോഗിക്കാൻ ലക്ഷ്യമിട്ട് ഐ.ഐ.ടി ഖരഗ്പൂർ ആവിഷ്‌കരിച്ച ഇംപാക്ട് റൈസ് പദ്ധതിക്ക് തുടക്കം. ഐ.ഐ.ടി ഖരഗ്പൂരിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി ഐ.ഐ.ടി ഖരഗ്പൂർ ഡയറക്ടർ പ്രൊഫ. സുമൻ ചക്രവർത്തി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വികസന വെല്ലുവിളികൾ നേരിടുന്നതിനായി ശാസ്ത്ര-സാങ്കേതിക വൈദഗ്ദ്ധ്യത്തെ എങ്ങനെ ഉപയോഗിക്കാമെന്ന് സുമൻ ചക്രവർത്തി വിശദീകരിച്ചു. ശാസ്ത്രം, എൻജിനിയറിംഗ്, സാങ്കേതികവിദ്യ എന്നിവയെല്ലാം സാമൂഹിക മാറ്റത്തിലേക്ക് നയിക്കുമെന്ന ഉറപ്പാണ് ഇംപാക്ട് റൈസ് നൽകുന്നത്. ഗവേഷണം, നവീകരണം, വൈദഗ്ദ്ധ്യം, സംരംഭകത്വം എന്നിവയാണ് പദ്ധതിയുടെ അടിസ്ഥാനം. ഇവ ഒരുമിച്ചാൽ ഫലപ്രദമായ മാറ്റമുണ്ടാകും - അദ്ദേഹം പറഞ്ഞു.
കോർപ്പറേറ്റ് മേഖലയിലെ സി.എസ്.ആർ ഫണ്ടുകളെ ഫലപ്രദമായ രീതിയിൽ ഏകോപിപ്പിക്കുന്നതിനുള്ള ഇംപാക്ട് റൈസ് സി.എസ്.ആർ അംബ്രല്ല എന്ന ആശയത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ചെറിയ പദ്ധതികൾക്ക് പണം ചെലവാക്കുന്നതിനുപകരം കോർപ്പറേറ്റുകൾ ദേശീയ തലത്തിലുള്ള വൻ വികസന ദൗത്യങ്ങളുടെ ഭാഗമാകണമെന്ന് അദ്ദേഹം പറഞ്ഞു. ഐ.ഐ.ടി ഖരഗ്പൂരിന്റെ ദൗത്യത്തിനൊപ്പം ചേരാൻ അദ്ദേഹം സർക്കാർ വകുപ്പുകളെയും കോർപ്പറേഷനുകളെയും എൻ.ജി.ഒകളെയും അന്താരാഷ്ട്ര ഏജൻസികളെയും ക്ഷണിച്ചു. സാങ്കേതികവിദ്യയുടെ വിന്യാസത്തിലൂടെയും വൈദഗ്ദ്ധ്യത്തിലൂടെയും അടുത്ത ഒരു പതിറ്റാണ്ടിൽ 1-2 ലക്ഷം പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
മലിനമായ വെള്ളം കുടിക്കേണ്ടി വരുന്ന ഒരു കുട്ടി പോലും ഇല്ലാത്ത, ആരോഗ്യ പരിരക്ഷ ലഭിക്കാത്ത ഒരു സ്ത്രീ പോലുമില്ലാത്ത, എല്ലാ അദ്ധ്യാപകരും എ.ഐ വൈദഗ്ധ്യമുള്ളവരാകുന്ന ഒരു ഇന്ത്യയാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |