
കൊച്ചി: റാഗിംഗ് നിരോധന നിയമ ഭേദഗതി ബില്ലിന്റെ കരട് ഉടൻ മന്ത്രിസഭയുടെ പരിഗണനയ്‌ക്ക് സമർപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിന് മുഖ്യമന്ത്രിയുടെ അനുമതി കിട്ടിയതായി പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ ടി.എ.ഷാജി വിശദീകരിച്ചു. നിയമനിർമ്മാണം വേഗത്തിലാക്കണമെന്നും ഇതോടൊപ്പം ചട്ടങ്ങൾ രൂപീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
റാഗിംഗ് തടയാൻ കർശന നിയമ നിർമ്മാണത്തിന് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് കേരള ലീഗൽ സർവീസസ് അതോറിട്ടി അടക്കം നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിച്ചത്. ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.
വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപഭോഗം നിയന്ത്രിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ പ്രത്യേക സിറ്റിംഗിൽ പരിഗണിച്ചു. നാർക്കോട്ടിക്സ് കേസുകൾ തീർപ്പാക്കാൻ ജില്ലകളിൽ പ്രത്യേക കോടതികളെന്ന നിർദ്ദേശം പ്രായോഗികമല്ലെന്ന് സർക്കാർ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ പ്രത്യേക കോടതികൾ സ്ഥാപിക്കാൻ ധാരണയായെന്നും വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ വ്യക്തമായ മാർഗനിർദ്ദേശങ്ങളുണ്ടെന്ന് ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. മറ്റു ജില്ലകളിൽ പ്രത്യേക കോടതികൾ സ്ഥാപിക്കുന്ന കാര്യം കൂടി വിശദീകരിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാരിനോട് നിർദ്ദേശിച്ചു.
സ്കൂളുകളിലെ ജാഗ്രതാസമിതി, പ്രോട്ടക്‌ഷൻ ഗ്രൂപ്പ്, ആന്റി നാർക്കോട്ടിക് ക്ലബ് എന്നിവയെല്ലാം ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് പൊതുനടപടിക്രമം (എസ്.ഒ.പി) രൂപീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എസ്.ഒ.പിക്ക് രണ്ടാഴ്ചയ്‌ക്കകം അന്തിമരൂപം നൽകണമെന്ന് കോടതി ഉത്തരവിട്ടു.
സയന്റിഫിക് അസിസ്റ്റന്റ്:
സാവകാശം തേടി സർക്കാർ
ഫൊറൻസിക് ലബോറട്ടറികളിൽ 12 സയന്റിഫിക് അസിസ്റ്റന്റുമാരുടെ ഒഴിവുകൾ കൂടി നികത്തുന്നതിൽ സർക്കാർ ഹൈക്കോടതിയിൽ സാവകാശം തേടി. ഇക്കാര്യത്തിൽ ധനവകുപ്പ് അന്തിമ നിലപാടെടുത്തിട്ടില്ല. വിഷയം അനുകൂലമായി പരിഗണിക്കണമെന്ന് ഹൈക്കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |