
കൊച്ചി: വിവാഹ രജിസ്റ്ററിൽ വർഷങ്ങൾക്കുശേഷം പേരുമാറ്റി പുതിയ സർട്ടിഫിക്കറ്റ് അനുവദിക്കാൻ ഹൈക്കോടതി അനുമതി.
മിശ്രവിവാഹിതയായ യുവതി ഭർത്താവിന്റെ മതം സ്വീകരിക്കുകയും ഗൾഫിൽ പോകാൻ കുടുംബ വിസയ്ക്ക് അപേക്ഷിച്ചപ്പോഴാണ് വിവാഹ സർട്ടിഫിക്കറ്റ് കുരുക്കായത്.
കൊച്ചി പള്ളുരുത്തി സ്വദേശി അഹമ്മദ് മുഹ്സിന്റെ ഭാര്യ ആയിഷ മുഹ്സിൻ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
പ്രണയിച്ച് വിവാഹം കഴിക്കുമ്പോൾ ശ്രീജ എന്നായിരുന്നു പേര്. ഇത് പ്രകാരമാണ് കുത്തിയതോട് പഞ്ചായത്ത് വിവാഹ സർട്ടിഫിക്കറ്റ് അനുവദിച്ചത്. ഇസ്ലാം മതം സ്വീകരിക്കുകയും ആയിഷ എന്ന് പേര് മാറ്റുകയും ചെയ്തു. പാസ്പോർട്ട് അടക്കം എല്ലാ തിരിച്ചറിയൽ രേഖകളിലും പുതിയ പേരാക്കുകയും ചെയ്തു. യു.എ.ഇയിൽ ജോലി ചെയ്യുന്ന ഭർത്താവിനൊപ്പം താമസിക്കാൻ കുടുംബ വീസയ്ക്ക് ശ്രമിച്ചപ്പോഴാണ് ചട്ടങ്ങൾ തടസമായത്.
വിവാഹ രജിസ്റ്ററിൽ വലിയ മാറ്റങ്ങൾ വരുത്താൻ അനുമതിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. പിഴവുകളോ വ്യാജ എൻട്രികളോ ഉണ്ടെന്ന് തെളിവു ലഭിച്ചാൽ മാത്രമാണ് തിരുത്താവുന്നത്. ഇക്കാര്യവും രജിസ്റ്ററിന്റെ മാർജിനിൽ എഴുതി വയ്ക്കാൻ മാത്രമാണ് അനുമതിയുള്ളത്.
തുടർന്നാണ് അധികൃതർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്.
ശ്രീജ എന്ന പേരിൽ തന്നെ ഫാമിലി വീസ തേടുന്നതിൽ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു. ഗൾഫിലുള്ള ഭർത്താവിന്റെ നിലപാട് തേടിയെങ്കിലും മറുപടി നൽകിയില്ല. ഓൺലൈനായി ഹാജരാകാമെന്ന് മാത്രമാണ് അറിയിച്ചത്. കോടതി ഹർജിക്കാരിയുടെ മാതാപിതാക്കളുടെ അഭിപ്രായം തേടി. മകളുടെ സന്തോഷമാണ് ആഗ്രഹിക്കുന്നതെന്ന് അവർ പറഞ്ഞു. തുടർന്ന് വിവാഹ രജിസ്റ്ററിലെ പ്രസ്തുത പേജിൽ പുതിയ പേര് ഉൾപ്പെടുത്തി പുതിയ സർട്ടിഫിക്കറ്റ് ഒരു മാസത്തിനകം നൽകാൻ അധികൃതരോട് നിർദ്ദേശിച്ചു.
മാതാപിതാക്കളുടെ സ്നേഹവായ്പ് കണക്കിലെടുത്താണ് നിർദ്ദേശമെന്ന് കോടതി പറഞ്ഞു. വിവിധ മതസ്ഥർക്ക് വിവാഹത്തിലൂടെ ഒരുമിക്കാമെന്നതാണ് മതേതര ഇന്ത്യയുടെ സൗന്ദര്യമാണ്. പേരു മാറ്റാതെ മിശ്രവിവാഹം നിയമപരമാക്കാമെന്നതാണ് സ്പെഷ്യൽ മാര്യേജ് ആക്ടിന്റെ സൗന്ദര്യമെന്നും ഉത്തരവിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |