
തിരുവനന്തപുരം: ശ്രീകാര്യം - കല്ലമ്പള്ളി റോഡ് നിർമാണം വൈകിയതിന് കരാറുകാരനെ പരസ്യമായി ശകാരിച്ച് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. ഏഴ് മാസമായി നിർമാണം തുടരുന്ന റോഡിന്റെ ദയനീയാവസ്ഥയ്‌ക്ക് പരിഹാരമാകണമെന്നാണ് കരാറുകാരനോട് എംഎൽഎ പറയുന്നത്. എന്നാൽ, ഷർട്ടിൽ മൈക്കും വച്ചുകൊണ്ടുള്ള ശകാരം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഷോ മാത്രമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.
'മര്യാദയ്‌ക്ക് പെട്ടെന്ന് പണി തീർത്തില്ലെങ്കിൽ പണി നിർത്തിവച്ച് നിങ്ങൾക്ക് പോകേണ്ടിവരും. റോഡ് കുഴിച്ചിട്ടതിന്റെ ചെളി മാറ്റിക്കൊടുക്കാൻ നിങ്ങൾക്ക് പറ്റുമോ? എന്തുകൊണ്ടാണ് കുഴി മൂടാത്തത്, എത്ര ദിവസംകൊണ്ട് നിർമാണം പൂർത്തിയാക്കും. ഒരു വാഹനം പോകുന്ന രീതിയിൽ റോഡിലെ ചെളി ഒഴിവാക്കിക്കൊടുക്കണം ', കടകംപള്ളി കരാറുകാരനോട് പറഞ്ഞു.
കഴിഞ്ഞ ഏഴെട്ട് മാസമായി റോഡ് മോശം അവസ്ഥയിൽ കിടന്നിട്ടും തിരിഞ്ഞുനോക്കാതിരുന്നവർ പെട്ടെന്ന് ഇങ്ങനെയൊരു വീഡിയോ ചെയ്‌തത് തിരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടാണെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ, കരാറുകാരനെ ശാസിക്കാനല്ല അവിടേക്ക് ചെന്നതെന്നും റോഡ് നിർമാണം വിലയിരുത്താൻ എത്തിയതാണെന്നുമാണ് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന് ചെറിയ വീഡിയോയിലൂടെ ജനങ്ങളെ അറിയിക്കാമെന്നാണ് കരുതിയത്. അതിനിടെ ഒരു പിക്കപ്പ് വാൻ ചെളിയിൽ അകപ്പെട്ടുപോയത് കണ്ടതോടെയാണ് കരാറുകാരനോട് സംസാരിക്കേണ്ടി വന്നതെന്നും എംഎൽഎ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |