
ബംഗളൂരു: കര്‍ണാടകയില്‍ വ്യാജ നെയ്യ് വില്‍പ്പന നടത്തിയ സംഭവത്തിന് പിന്നിലെ മുഖ്യ ആസൂത്രകരായ ദമ്പതിമാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കര്‍ണാടക് മില്‍ക്ക് ഫെഡറേഷന്റെ ബ്രാന്‍ഡായ നന്ദിനി നെയ്യുടെ വ്യാജനെയാണ് മാര്‍ക്കറ്റില്‍ എത്തിച്ച് യഥേഷ്ടം വില്‍പ്പന നടത്തിവന്നിരുന്നത്. കേസില്‍ ശിവകുമാര്‍, രമ്യ എന്നിവരെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി.) ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട്ടിലെ കേന്ദ്രത്തിലാണ് വ്യാജ നെയ്യ് നിര്‍മാണം നടന്നിരുന്നത്. ഇത് പിന്നീട് ബംഗളൂരുവിലെത്തിച്ച് സമാനമായ സ്റ്റിക്കര്‍ ഒട്ടിച്ചാണ് നന്ദിനി ബ്രാന്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് വില്‍പ്പന പൊടിപൊടിച്ചിരുന്നത്. ഇത്തരത്തില്‍ വ്യാജമായി നിര്‍മിച്ച 8136 ലിറ്റര്‍ നെയ്യാണ് പിടിച്ചെടുത്തത്. വ്യാജനെയ്യ് വില്‍പ്പനസംഘത്തിന്റെ മുഖ്യസൂത്രധാരന്മാര്‍ ശിവകുമാറും രമ്യയുമാണെന്ന് പൊലിസ് അറിയിച്ചു.തമിഴ്നാട്ടില്‍ ഉത്പാദിപ്പിച്ച നിലവാരം കുറഞ്ഞ നെയ്യാണ്, നന്ദിനിയുടെ അതേ രൂപത്തിലുള്ള പാക്കറ്റുകളിലും കുപ്പികളിലുമായി 'നന്ദിനി നെയ്യ്' എന്ന പേരില്‍ ബംഗളൂരുവില്‍ വ്യാപകമായി വിറ്റഴിച്ചത്.
നവംബര്‍ 16-ന് പൊലിസ് നടത്തിയ പരിശോധനയില്‍ വ്യാജ നെയ്യ് സൂക്ഷിച്ചിരുന്ന കേന്ദ്രം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നാല് പേരെ അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്ന് തൊണ്ടി മുതലായി 8,136 ലിറ്റര്‍ വ്യാജനെയ്യ്, അഞ്ച് മൊബൈല്‍ ഫോണുകള്‍, നാല് ചരക്കുവാഹനങ്ങള്‍, 1.19 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു.
നേരത്തെ ഈ കേസില്‍ കെ.എം.എഫ്. വിതരണക്കാരനായ മഹേന്ദ്ര, മക്കളായ ദീപക്, മുനിരാജു, ഡ്രൈവര്‍ അഭി അരശ് എന്നിവര്‍ അറസ്റ്റിലായിരുന്നു. കെ.എം.എഫ്. വിജിലന്‍സ് വിഭാഗവും ക്രൈംബ്രാഞ്ചും പൊലിസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതികളായ രമ്യയേയും ശിവകുമാറിനേയും പിടികൂടാനായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |