ചാലക്കുടി: ശ്രീനാരായണ സന്ദേശം വിദേശ രാജ്യങ്ങളിൽ എത്തിക്കാനായത് ജീവിതത്തിലെ വലിയ ധന്യതയാണെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. 68ാം ജന്മദിനാഘോഷ സമ്മേളനത്തോടനുബന്ധിച്ച് ചാലക്കുടി ഗായത്രി ആശ്രമത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്വാമി.
ശിവഗിരി മഠത്തിന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കാനായി. വത്തിക്കാനിൽ മാർപ്പായുടെ അനുഗ്രഹത്തോടെ ലോക പാർലമെന്റ് സംഘടിപ്പിക്കാനായത് ഗുരുദേവ സന്ദേശത്തിന്റെ പ്രചാരണത്തിൽ നാഴികക്കല്ലായി. ലണ്ടൻ, ബഹ്‌റിൻ, ദുബായ്, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പാർലമെന്റുകളിലും ഗുരുദേവന്റെ ഏകലോക ദർശനം മുഴങ്ങി.
ഗുരുദേവ ചരിതത്താൽ ലക്ഷക്കണക്കിന് വിദേശികളും ആകർഷിക്കപ്പെട്ടു. ഗ്ലോബൽ പാർലമെന്റ് അവാർഡ് ശിവഗിരിക്ക് ലഭിച്ചത് എല്ലാ ശ്രീനാരായണീയർക്കുമുള്ള അംഗീകാരമാണ്. ലോകത്താകെ നാനൂറിലധികം ദിവ്യ പ്രബോധന ധ്യാനങ്ങളും പതിനായിരത്തോളം പ്രഭാഷണങ്ങളും നടത്താനായതും ഗുരുദേവ കടാക്ഷത്താലാണ്. ശിവഗിരി തീർത്ഥാടനവും ഇന്ന് ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ആഘോഷമായി. ഇതെല്ലാം സാദ്ധ്യമായത് ശിവഗിരി മഠം ഭരണസമിതിയുടെ ഐക്യബോധത്തോടെയുള്ള പ്രവർത്തനത്താലാണെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.
ശ്രീനാരായണ ഹാളിൽ നടന്ന ജന്മദിന സമ്മേളനം ശിവഗിരി മാസിക പത്രാധിപർ നെടുങ്കുന്നം ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ വി.ജെ.ജോജി, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ, ഡോ.അനിതാ ശങ്കർ, ഡോ.സുരേഷ് മാബു മൂത്തകുന്നം, കൃഷ്ണാനന്ദ ബാബു, വി.ഡി.ജയപാൽ, ഗിരീഷ് ഉണ്ണികൃഷ്ണൻ, സജി തുമ്പരത്തി, ഷാബു മേപ്പുള്ളി തുടങ്ങിയവർ പ്രസംഗിച്ചു. ഗുരുദർശന രഘ്‌ന തയ്യാറാക്കിയ സച്ചിദാനന്ദ സ്വാമിയുടെ ലേഖന സമാഹാരം പാദമുദ്രകൾ എ.കെ.സുഗതൻ, ആനന്ദ ബോസിന് നൽകി പ്രകാശനം ചെയ്തു. ആശ്രമത്തിൽ രാവിലെ ഗുരുപൂജ, ശാന്തി ഹവന യജ്ഞം, പാദപൂജ എന്നിവ നടന്നു. ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കലും സദ്യയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |