
കൊല്ലം: മാലിന്യ സംസ്‌കരണത്തിലെ പ്രവർത്തന മികവിന് സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് റേറ്റിംഗ് ഏർപ്പെടുന്ന 'ഗ്രീൻ ലീഫ് റേറ്റിംഗ് സിസ്റ്റ'ത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം. ഉദ്യോഗസ്ഥർക്കായുള്ള പരിശീലനം പൂർത്തിയായി. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പദ്ധതി പൂർണതോതിൽ ആരംഭിക്കും.
മലിനജലം, കക്കൂസ് മാലിന്യം ഖരമാലിന്യ സംസ്‌കരണം, ഗ്രീൻ പ്രോട്ടോക്കോളും ബോധവത്കരണവും, പരിപാലനം എന്നിവയാണ് റേറ്റിംഗിന് പരിഗണിക്കുന്നത്. രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആരോഗ്യ സ്ഥാപനങ്ങൾ, പ്രീപ്രൈമറി മുതൽ കോളേജ് തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, അങ്കണവാടികൾ, കെ.എസ്.ആർ.ടി.സി. ഉൾപ്പടെയുള്ള ബസ് ഡിപ്പോകൾ, ടൗണുകൾ എന്നിവയിലാണ് റേറ്റിംഗ് നടപ്പാക്കുന്നത്.
രണ്ടാം ഘട്ടമായി ഹോട്ടൽ ആൻഡ് റസ്റ്റോറന്റുകൾ, ബേക്കറികൾ, ഷോപ്പിംഗ് മാളുകൾ, ഓഡിറ്റോറിയങ്ങൾ, ഫ്ലാറ്റുകൾ അല്ലെങ്കിൽ അപ്പാർട്ട്‌മെന്റുകൾ, കൺവെൻഷൻ സെന്ററുകൾ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിലും സംരംഭങ്ങളിലും റേറ്റിംഗ് നടക്കും. തദ്ദേശ വകുപ്പിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യം, വനിത ശിശുവികസനം, ഗതാഗതം, വിനോദസഞ്ചാരം തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മികച്ച റേറ്റിംഗ് നേടുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ തലത്തിലുള്ള അവാർഡുകൾ, ക്യാഷ് പ്രൈസ്, അനുമോദനം, സർക്കാർ പദ്ധതികളിൽ മുൻഗണന എന്നിവ ലഭിക്കും. കഴിഞ്ഞ ഒക്ടോബർ 29നായിരുന്നു പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം.
തെറ്റായ വിവരങ്ങൾക്ക് നെഗറ്റീവ് മാർക്ക്
സ്വയം സാക്ഷ്യപ്പെടുത്തി പ്രഖ്യാപനം സമർപ്പിക്കാം
അംഗീകൃത ഏജൻസികൾ നേരിട്ടെത്തി പരിശോധിക്കും
തെറ്റായ വിവരങ്ങൾ സാക്ഷ്യപ്പെടുത്തിയാൽ നെഗറ്റീവ് മാർക്ക്
കളക്ടറാണ് ജില്ലാ അപ്രൂവൽ കമ്മറ്റി അദ്ധ്യക്ഷൻ
കുറഞ്ഞത് 60ശതമാനം മാർക്ക് നേടിയാലേ റേറ്റിംഗ് ലഭിക്കൂ
ആകെ 200 മാർക്ക്
മലിന ജല സംസ്‌കരണം-50
കക്കൂസ് മാലിന്യ സംസ്‌കരണം-50
ടോയ്‌ലെറ്റുകൾക്ക്- 40
ഖര മാലിന്യ സംസ്‌കരണം-40
ഹരിതചട്ട പാലനം-20
റേറ്റിംഗ് ഇങ്ങനെ
60%- 1 ലീഫ്
80%- 3 ലീഫ്
100%- 5 ലീഫ്
മികച്ച മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെയും പൊതു ശുചിത്വത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തൽ..
കെ.അനിൽ കുമാർ,
ജില്ലാ കോ ഓർഡിനേറ്റർ, ശുചിത്വ മിഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |