കൊച്ചി: പ്രാദേശികവിഷയങ്ങൾക്കൊപ്പം രാഷ്ട്രീയവും ആയുധമാക്കി മുന്നണികൾ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിക്കുന്നു. വികസനത്തിന് മുൻഗണന നൽകി ആരംഭിച്ച പ്രചാരണം കിഫ്ബി കേസിലെ ഇ.ഡി നോട്ടീസ്, രാഹുൽ മാങ്കൂട്ടം എം.എൽ.എക്കെതിരായ ബലാത്സംഗ കേസ് എന്നിവയുമായി മുന്നേറുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്‌ച ജില്ലയിൽ എത്തുന്നതോടെ പ്രചാരണത്തിന് തീവ്രതയേറും.
ജില്ലയുടെ പൊതുവിലെയും ഓരോ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേകമായും വികസന പദ്ധതികൾക്ക് മുൻതൂക്കം നൽകിയാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ പ്രകടനപത്രിക പുറത്തിറക്കിയത്. പദ്ധതികളും വാഗ്ദാനങ്ങളും മുന്നണികൾ പ്രഖ്യാപിക്കുകയും ചെയ്‌തു.
ഭവനസന്ദർശനങ്ങൾക്ക് പ്രാധാന്യം നൽകിയാണ് പ്രചാരണം മുന്നേറുന്നത്. നോട്ടീസുകളും വോട്ടഭ്യർത്ഥനയും പ്രകടനപത്രികയും വീടുകളിൽ എത്തിച്ചു. സ്ഥാനാർത്ഥികളും പ്രവർത്തകരും നേതാക്കളും ഒരുവട്ടം വീടുകളിലെത്തി. രണ്ടാംവട്ട സന്ദർശനവും സ്‌ക്വാഡ് പ്രവർത്തനവുമാണ് മുന്നേറുന്നത്.
മുഖ്യമന്ത്രിയുടെ പ്രചാരണം
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ പ്രചാരണം നടത്തും. കലൂർ സ്റ്റേഡിയം വളപ്പിലെ പ്രചാരണ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പോളിറ്റ് ബ്യൂറോ അംഗം എം. വിജയരാഘവൻ തുടങ്ങിയവർ ഒരുവട്ടം ജില്ലയിലെത്തി. മന്ത്രി പി.രാജീവും സി.പി.എം ജില്ലാ സെക്രട്ടറി എസ്.സതീഷും ഉൾപ്പെടെയുള്ളവർ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നുണ്ട്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ അടൂർപ്രകാശ് തുടങ്ങിയ നേതാക്കൾ ജില്ലയിലെത്തി. കൂടുതൽ സംസ്ഥാന നേതാക്കൾ വരുംദിവസങ്ങളിൽ പ്രചാരണം നടത്തും. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് പ്രചാരണ പരിപാടികൾ ഏകോപിപ്പിക്കുന്നത്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ എൻ.ഡി.എ നേതാക്കൾ പ്രചാരണപരിപാടികളിൽ പങ്കെടുത്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് എളമക്കര, രവിപുരം ഡിവിഷനുകളിലെ ബി.ജെ.പി സ്ഥാനാർത്ഥിക്കായി പ്രചാരണം നടത്തും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉൾപ്പെടെയുള്ളവർ എത്തുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ആർ.ജെ.ഡി രണ്ടിടത്ത്
എൽ.ഡി.എഫിന്റെ ഭാഗമായ ആർ.ജെ.ഡി ജില്ലയിൽ മത്സരിക്കുന്ന തൃപ്പൂണിത്തുറ 32-ാം ഡിവിഷൻ കണ്ണൻകുളങ്ങരയിൽ പ്രേമ രാജേന്ദ്രൻ, തൃക്കാക്കര 41 കുന്നേപ്പറമ്പിൽ അബ്‌ദുൾ സലാം പീച്ചംപിള്ള എന്നിവർക്കായി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ ശനിയാഴ്ച ഗൃഹസന്ദർശനം നടത്തുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |