
റിസർവ് ബാങ്ക് തീരുമാനം ഇന്ന്
കൊച്ചി: കയറ്റുമതി മേഖലയിലെ തളർച്ച കണക്കിലെടുത്ത് മുഖ്യ പലിശ നിരക്കായ റിപ്പോ റിസർവ് ബാങ്ക് കാൽ ശതമാനം കുറച്ചേക്കും. മൂന്ന് ദിവസത്തെ ധന നയ രൂപീകരണ യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര ഇന്ന് തീരുമാനം പ്രഖ്യാപിക്കും. അമേരിക്കയുമായുള്ള വ്യാപാര കരാർ അനിശ്ചിതമായി വൈകുന്നതും വിപണിയിലെ പണ ലഭ്യത ഉയർന്ന തലത്തിൽ തുടരുന്നതും പലിശ കുറയ്ക്കുന്നതിന് അനുകൂല സാഹചര്യമാണ്. രാജ്യത്തെ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം ഒക്ടോബറിൽ പത്ത് വർഷത്തെ താഴ്ന്ന നിരക്കായ .25 ശതമാനത്തിലെത്തിയതിനാൽ റിസർവ് ബാങ്ക് ഉദാര നയ സമീപന സ്വീകരിക്കുമെന്നാണ് വിലയിരുത്തുന്നത്.
സാമ്പത്തിക മേഖലയിലെ തളർച്ച കണക്കിലെടുത്ത് നടപ്പുവർഷം ഫെബ്രുവരിക്ക് ശേഷം റിസർവ് ബാങ്ക് മുഖ്യ നിരക്കായ റിപ്പോ ഒരു ശതമാനം കുറച്ച് 5.5 ശതമാനമാക്കിയിരുന്നു. ഇതോടെ ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ് വായ്പകളുടെ പലിശയും കുറഞ്ഞു.
എന്നാൽ ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ ആഭ്യന്തര മൊത്തം ഉത്പാദനം(ജി.ഡി.പി) പ്രതീക്ഷിച്ചതിലും മികവോടെ 8.2 ശതമാനം വളർച്ച നേടിയതിനാൽ പലിശ കുറയ്ക്കേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രതികൂല ഘടകങ്ങൾ
1. രൂപയുടെ മൂല്യത്തകർച്ച രൂക്ഷമായേക്കും
2. നാണയപ്പെരുപ്പം ഉയരാൻ സാദ്ധ്യതയേറും
അനുകൂല സാഹചര്യങ്ങൾ
1. പലിശ കുറയുന്നതോടെ കയറ്റുമതിയിലെ തളർച്ച മറികടക്കാനാകും
2. ആഭ്യന്തര ഉപഭോഗം ഉയരുമെന്നതിനാൽ കമ്പനികളുടെ പ്രകടനം മെച്ചപ്പെടും
പ്രതീക്ഷയോടെ ഭവന, വാഹന മേഖലകൾ
പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഓഹരി വിപണി. അമേരിക്കയുമായുള്ള വ്യാപാര കരാറിൽ അനിശ്ചിതത്വം തുടരുന്നതിനാൽ ആഭ്യന്തര ഉപഭോഗം മെച്ചപ്പെടുത്താൻ തീരുമാനം സഹായിക്കുമെന്ന് ഓഹരി വ്യാപാരികൾ പറയുന്നു. റിയൽറ്റി, വാഹന, കൺസ്യൂമർ ഉത്പന്ന മേഖലകളിലെ കമ്പനികൾക്ക് പലിശ ഇളവ് ഗുണം ചെയ്യും. ആഗോള തലത്തിൽ വിവിധ കേന്ദ്ര ബാങ്കുകൾ തുടർച്ചയായ പലിശ കുറയ്ക്കുന്നതിനാൽ റിസർവ് ബാങ്കും സമാനമായ ധന നയമാകും സ്വീകരിക്കുകയെന്ന് അവർ പറയുന്നു.
നിലവിലെ റിപ്പോ നിരക്ക്
5.5 ശതമാനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |