
കായംകുളം: ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച് മുക്കിയ കപ്പലിൽ നിന്ന് രക്ഷപ്പെട്ട് യെമനിൽ തടവിലായിരുന്ന സെക്യൂരിറ്റി ഓഫീസർ അഞ്ചുമാസം നീണ്ട കാത്തിരിപ്പിനൊടുവിൽ വീട്ടിലെത്തി. കായംകുളം പത്തിയൂർക്കാല ശ്രീജാലയത്തിൽ അനിൽകുമാർ രവീന്ദ്രനാണ് (58) തിരിച്ചെത്തിയത്. മാതാവ് പൊടിയമ്മ, ഭാര്യ ശ്രീജ,മക്കളായ അനൂജ്,അനഘ എന്നിവരുടെ കണ്ണീരുണങ്ങാത്ത നാളുകൾക്കും ഇതോടെ വിരാമമായി.
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അനിൽകുമാർ വീട്ടിലെത്തിയത്. അനിലിനെ മോചിപ്പിച്ചതായും ഉടൻ വീട്ടിലെത്തുമെന്നും സൗദിയിലെ ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മസ്കറ്റിലെത്തിയ അനിൽകുമാർ ഇന്നലെ രാവിലെയാണ് ഇന്ത്യയിലേക്കു തിരിച്ചത്. ഇറ്റേണിറ്റി സി എന്ന ഗ്രീക്ക് ചരക്കുകപ്പലിനുനേരെയാണ് യെമനിലെ ഹൊദൈദ തുറമുഖത്തിനു സമീപം ജൂലായ് 7ന് ആക്രമണം നടത്തിയത്. അനിൽകുമാറടക്കം 11 പേരെ കാണാതായിരുന്നു. കന്യാകുമാരി സ്വദേശി അഗസ്റ്റിൻ മാസങ്ങൾക്കു മുമ്പ് വീട്ടിൽ എത്തിയിരുന്നു. 21 പേർ ഉണ്ടായിരുന്ന കപ്പലിൽ അനിൽകുമാറും അഗസ്‌റ്റിനും മാത്രമായിരുന്നു ഇന്ത്യക്കാർ. മുൻ സൈനികനായ അനിൽകുമാർ 5 വർഷമായി മർച്ചന്റ് നേവിയിലായിരുന്നു.
തിരിച്ചുവരവുണ്ടാകുമെന്ന് കരുതിയില്ല : അനിൽകുമാർ
തിരികെ നാട്ടിലെത്തുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്ന് അനിൽകുമാർ കേരളകൗമുദിയോട് പറഞ്ഞു. ദൈവാനുഗ്രഹവും വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രാർത്ഥനയും കൊണ്ടുമാത്രമാണ് തിരികെ എത്താനായത്. ജൂലായ് 7 മുതൽ ഹൂതികൾ കപ്പലിനെ ആക്രമിച്ചുകൊണ്ടിരുന്നു. കപ്പൽ ഭാഗികമായി തകർന്നതോടെ എട്ടാംതീയതി രാവിലെ താനുൾപ്പെടെ പതിനെട്ടുപേർ കടലിൽ ചാടി. നീന്താനുള്ള ആരോഗ്യമില്ലാത്ത നാലുപേരെ കപ്പലിൽ ഉപേക്ഷിച്ചാണ് ചാടിയത്. ചാടിയവരിൽ നാല് പേർ മുങ്ങിമരിച്ചത് കാണേണ്ട ദുരവസ്ഥയുമുണ്ടായി. ഒൻപതാം തീയതി രാവിലെ ഒരു ഫിഷിംഗ് ബോട്ട് വന്ന് അവശേഷിച്ചവരെ രക്ഷപ്പെടുത്തി ഹൂതികൾക്ക് കൈമാറി.കപ്പലിൽ നാല് പേരുണ്ടെന്ന് പറഞ്ഞതോടെ അവരെയും രക്ഷപ്പെടുത്തി. ഒമാന്റെ അഭ്യർത്ഥനയെ തുടർന്ന് ബുധനാഴ്ച വൈകിട്ടാണ് യെമൻ സർക്കാർ മോചിപ്പിച്ചത് - അനിൽകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |