
കൃഷി വ്യാപിപ്പിക്കാൻ ഒഡീഷയുമായി ധാരണ
തൃശൂർ: സംസ്ഥാനത്ത് മുള നടീൽ വ്യാപകമാക്കാൻ പീച്ചി വനഗവേഷണ കേന്ദ്രം (കെ.എഫ്.ആർ.ഐ) ഒഡീഷ ബാംബൂ വികസന ഏജൻസിയുമായി ധാരണാപത്രം ഒപ്പിട്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ മുള ഉത്പാദനം ഒഡീഷയിലാണ്. ശാസ്ത്രീയ അറിവുകൾ പരസ്പരം പങ്കിടും.
ആധുനിക സംസ്‌കരണ രീതികൾ, കരകൗശല, ഫർണിച്ചർ ഉത്പാദനം എന്നിവയിൽ പരിശീലനം നൽകി കർഷകർക്ക് നല്ല വരുമാനമുറപ്പാക്കുകയാണ് ലക്ഷ്യം. കരകൗശല വിദഗ്ദ്ധർ, സ്വയം സഹായ സംഘങ്ങൾ, ഗോത്ര സമൂഹങ്ങൾ, സാങ്കേതിക ജീവനക്കാർ എന്നിവർക്ക് പരിശീലനം നൽകും. കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ.കണ്ണൻ സി.എസ് വാര്യരും ഒഡീഷ ബാംബൂ വികസന ഏജൻസി മിഷൻ ഡയറക്ടർ വി.കാർത്തികുമാണ് ധാരണാപത്രം കൈമാറിയത്.
മുളകൾ അന്തരീക്ഷത്തിലെ ഓക്‌സിജൻ അളവ് കൂട്ടും. മുളകളുടെ കൂമ്പും അരിയും പോഷകഗുണമുള്ളതാണ്. മഴവെള്ളത്തെ ഭൂമിയിലേക്ക് ഇറക്കിവിട്ട് മണ്ണിടിച്ചിൽ തടയും. ഉരുൾപൊട്ടൽ സാദ്ധ്യത കുറയ്ക്കാനും നദീതീരം ഇടിയുന്നത് തടയാനും മുള ഉപകരിക്കും.
അരയേക്കറിൽ
ലക്ഷം വരുമാനം
അരയേക്കറിൽ നൂറിലേറെ മുളകൾ നടാം. കെ.എഫ്.ആർ.ഐയിൽ നിന്ന് തൈകൾ ലഭിക്കും. മൂന്ന് വർഷത്തിന് ശേഷം വിളവെടുക്കാം. ഒരു മുളയ്ക്ക് കുറഞ്ഞത് നൂറ് രൂപ ലഭിക്കും. ലക്ഷത്തോളം വരുമാനവും കിട്ടും. ഒന്നിൽനിന്ന് പത്തിലേറെ മുളകളുണ്ടാകും. വേഗത്തിൽ വളരും. 50 വർഷം വരെ വിളവെടുക്കാവുന്ന ഇനങ്ങളുണ്ട്. പേപ്പർ പൾപ്പിനും അലങ്കാരത്തിനും ഫർണിച്ചറിനും ഉപയോഗിക്കുന്നു. അഗർബത്തി നിർമ്മാണത്തിനും ഉപയോഗിക്കുന്നുണ്ടെന്ന് കെ.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.വി.ബി.ശ്രീകുമാർ പറയുന്നു. ലാത്തിമുള, ആസ്പർ, ബിലാത്തിമുള, സ്റ്റോക്‌സി, ടൂൾഡ, ആനമുള തുടങ്ങിയവ കേരളത്തിന് അനുയോജ്യമാണ്.
ഒഡീഷയുമായി സാങ്കേതിക വിദ്യ കൈമാറുന്നതോടെ മുളയുടെ ഗുണനിലവാരം, ഈട്, വിപണി, മത്സരക്ഷമത എന്നിവ മെച്ചപ്പെടുത്താനാകും
ഡോ.കണ്ണൻ സി.എസ്.വാര്യർ,
ഡയറക്ടർ, കെ.എഫ്.ആർ.ഐ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |