കോഴിക്കോട്: വികസിത കോഴിക്കോടിൽ എംയിസ് ഉണ്ടാകുമോ? കെ.പി പ്രകാശ് ബാബുവിനോട് എം.മെഹബൂബും കെ.പ്രവീൺകുമാറും ഒറ്റസ്വരത്തിൽ ചോദിച്ചു. ഇതാ ഇന്ത്യാ മുന്നണി ഇവിടെ യാഥാർത്ഥ്യമായിരിക്കുന്നുവെന്ന് പറഞ്ഞ് രണ്ടുപേരോടും പ്രകാശ് ബാബു തിരിച്ചടിച്ചു. എന്തായാലും കോഴിക്കോട് ഒരു എയിംസിന് വേണ്ടി ഒന്നിക്കാമെന്ന് മൂന്ന് പേരും സമ്മതിച്ചു. വികസനവും വിവാദവും പ്രാദേശിക - സംസ്ഥാന - ദേശീയ രാഷ്ട്രീയവും ചർച്ച ചെയ്ത് സി.പി.എം ജില്ലാ സെക്രട്ടറി എം.മെഹബൂബ്, ഡി.സി.സി പ്രസിഡൻറ് കെ.പ്രവീൺകുമാർ, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡൻറ് കെ.പി പ്രകാശ് ബാബുവും കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ നയം വ്യക്തമാക്കി.
വികസനത്തിൽ തുടങ്ങി
എം.മെഹബൂബ്: പിണറായി സർക്കാരിൻ്റെ ഭരണനേട്ടങ്ങളാണ് ഉയർത്തിപിടിച്ചാണ് എൽ.ഡി.എഫ് മത്സരിക്കുന്നത്. ഇടതുമുന്നണിക്ക് വലിയ വിജയമുണ്ടാകുമെന്നുറപ്പാണ്. തദ്ദേശ സ്ഥാപനങ്ങളിലെ ഇടത് ഭരണത്തിന് ജനങ്ങളുടെ അംഗീകാരം ലഭിക്കും.
കെ.പ്രവീൺകുമാർ: സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധവികാരം ശക്തമാണ്. ലൈഫ് പദ്ധതി മുടങ്ങിയതും വിലക്കയറ്റം പിടിച്ചുനിർത്താനാവാത്തതും സർക്കാരിൻറെ പരാജയം. യു.ഡി.എഫ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടും.
കെ.പി പ്രകാശ് ബാബു: നരേന്ദ്രമോദി സർക്കാരിൻറെ പദ്ധതികൾ അല്ലാതെ ഒരു വികസനവും കോഴിക്കോടുണ്ടായിട്ടില്ല. കോർപ്പറേഷനിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി മാറും.
കേന്ദ്ര - സംസ്ഥാന തർക്കം
മെഹബൂബ്: ദേശീയപാത സ്ഥലമെടുപ്പിന് വേണ്ടി കേന്ദ്രം പണം വാങ്ങിയത് കേരളം മറക്കില്ല. ദേശീയപാത വന്നതിൻറെ ക്രെഡിറ്റ് എൽ.ഡി.എഫ് സർക്കാരിന് മാത്രം. ബി.ജെ.പി കേരളത്തിന് അർഹതപ്പെട്ടത് നിഷേധിക്കുകയാണ്. സംസ്ഥാനത്ത് തുടർഭരണം വരും.
പ്രകാശ് ബാബു: ദേശീയപാതയിൽ സ്ഥലമേറ്റെടുക്കാനുള്ളതിൻ്റെ 25 ശതമാനം കൊടുക്കാമെന്ന് പറഞ്ഞ സംസ്ഥാനം ഒടുവിൽ പിന്മാറുകയായിരുന്നു. കേന്ദ്രം 65,000 കോടി കൊടുത്തപ്പോൾ സംസ്ഥാനം കൊടുത്തത് വെറും 5,000 കോടി മാത്രം.
പ്രവീൺകുമാർ: ദേശീയപാതയുടെ ക്രെഡിറ്റ് നിങ്ങൾ രണ്ടുകൂട്ടരും ഏറ്റെടുത്തോളൂ, എന്നാൽ വടകര മുതൽ വെങ്ങളം വരെ യാത്രാദുരിതമാണ്. അതിൻറെ കൂടി ക്രെഡിറ്റ് നിങ്ങൾ പങ്കിട്ടെടുക്കാൻ തയ്യാറാവണം.
കോർപ്പറേഷൻറെ നേട്ടം, കോട്ടം
മെഹബൂബ്: ഇന്ത്യയിൽ ഏറ്റവും കൂടുതൽ സന്ദർശകരുള്ള ബീച്ചായി കോഴിക്കോട് മാറി. പച്ചക്കറി മാർക്കറ്റ് ആധുനികവത്ക്കരിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള മത്സ്യമാർക്കറ്റ് വരുന്നു. നിലവാരമുള്ള നഗരറോഡുകൾ വന്നു.
പ്രവീൺകുമാർ: കോർപ്പറേഷനിലെ നാലര പതിറ്റാണ്ട് ഭരണത്തിൽ നഗരം തകർന്നു. അന്യസംസ്ഥാനങ്ങളിലേക്ക് വിദ്യാഭ്യാസത്തിനും ജോലിക്കും കോഴിക്കോട്ടുകാർ പോകുന്നു. മറ്റ് നഗരങ്ങൾ വികസിക്കുമ്പോൾ കോഴിക്കോട് മുരടിക്കുന്നു.
പ്രകാശ് ബാബു: കോംട്രസ്റ്റ് ഭൂമാഫിയയുടെ കൈയ്യിൽ എത്തിച്ചു. മെട്രോയ്ക്ക് ശ്രമിച്ചില്ല. നല്ല സ്റ്റേഡിയം ഇല്ല. സൈബർ പാർക്ക് വിപുലീകരിച്ചില്ല. കനോലി കനാൽ രോഗവാഹിനിയായി തുടരുന്നു.
വികസനത്തിലൂടെ തുടങ്ങിയ ചർച്ച ശബരിമല സ്വർണപാളി തട്ടിപ്പിലും ജമാഅത്തെ ഇസ്ലാമി സഖ്യത്തിലും കോർപ്പറേഷനിലെ അഴിമതികളിലുമെത്തി. വീറുംവാശിയുമോടെ മൂന്ന് പേരും മുന്നേറിയെങ്കിലും അവസാനം കോഴിക്കോടിൻറെ വികസനത്തിന് വേണ്ടി രാഷ്ട്രീയം മറന്ന് ഒന്നിക്കുമെന്ന പ്രഖ്യാപനത്തിലൂടെ സൗഹൃദം പുതുക്കി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് മടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |