
തൊടുപുഴ: ഗുരുവായൂർ ക്ഷേത്രത്തിന്റെ മാതൃകയിൽ അമേരിക്കയിലെ ഹൂസ്റ്റണിൽ മലയാളികൾ പണികഴിപ്പിച്ച ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിലേക്ക് കൊടിമരം കേരളത്തിൽനിന്ന് കപ്പൽ കയറും.
ആദ്യമായാണ് വിദേശത്തെ ക്ഷേത്രത്തിലേക്ക് കേരളത്തിൽ നിന്ന് കൊടിമരം കൊണ്ടുപോകുന്നത്. തൊടുപുഴ കരിങ്കുന്നം മലയപ്പറമ്പിൽ ടോമി മാത്യുവിന്റെ പുരയിടത്തിലെ തേക്കാണ് ഉപയോഗിക്കുന്നത്. പുനഃപ്രതിഷ്ഠയോടനുബന്ധിച്ചാണ് 47 അടി പൊക്കമുള്ള കൊടിമരം സ്ഥാപിക്കാൻ തീരുമാനിച്ചത്. തച്ചുശാസ്ത്ര വിദഗ്ദ്ധൻ കാണിപയ്യൂർ കൃഷ്ണൻ നമ്പൂതിരിയുടെ നിർദ്ദേശപ്രകാരമാണ് ധ്വജപ്രതിഷ്ഠ. നൂറോളം മരങ്ങൾ പരിശോധിച്ച ശേഷമാണ് പൂവരണി സജിയെന്ന ദല്ലാൾ ലക്ഷണമൊത്ത ഈ മരം കണ്ടെത്തിയത്. കൊടിമരം നിർമ്മിക്കുന്ന തച്ചൻ മലപ്പുറം വിഷ്ണു ആചാരി എല്ലാ ലക്ഷണങ്ങളുമുള്ള തേക്കാണെന്ന് സ്ഥിരീകരിച്ചതോടെ കച്ചവടം ഉറപ്പിക്കുകയായിരുന്നു.
ഇന്നലെ കാണിപയ്യൂർ കൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം തന്ത്രി കരിയന്നൂർ ദിവാകരൻ നമ്പൂതിരി, ക്ഷേത്രം പ്രതിനിധി തിരുവല്ല സ്വദേശിയായ രാജേഷ് ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിൽ
ഉളികുത്തൽ ചടങ്ങ് നടന്നു. മരം നിലംതൊടാതെ മുറിച്ച് വാഹനത്തിൽ കയറ്റി കോട്ടയം വേമ്പിൻകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെത്തിച്ചു.
ഇനി തൈലാധിവാസം
ക്ഷേത്ര സന്നിധിയിൽവച്ച് നാല് മാസം കൊണ്ട് പണി പൂർത്തിയാക്കി ധ്വജരൂപത്തിലാക്കും. തുടർന്ന് 1500 ലിറ്റർ ശുദ്ധമായ എള്ളെണ്ണയിൽ 32 കൂട്ടം പച്ചമരുന്ന് ഉപയോഗിച്ച് ആയുർവേദ തൈലമുണ്ടാക്കി എണ്ണത്തോണിയിൽ ആറ് മാസത്തോളം ധ്വജം സൂക്ഷിക്കും. വൃക്ഷ ആയുർവേദ ചികിത്സാ രീതിയായ തൈലാധിവാസമാണിത്. 300 വർഷത്തോളം കേടുണ്ടാകില്ലെന്നാണ് വിശ്വാസം. എറണാകുളത്തുള്ള രാജഗോപാല മേനോനാണ് തൈലാധിവാസം ചെയ്യുന്നത്. സ്വർണമോ പഞ്ചലോഹമോ ധ്വജത്തിൽ പതിക്കും. കപ്പൽ മാർഗ്ഗം ഹൂസ്റ്റണിലെത്തിക്കും.
ഗുരുവായൂരിലേതുപോലെ പൂജ
2015ൽ മലയാളികളുടെ ഭജനസംഘത്തിന്റെ നേതൃത്വത്തിൽ 25,000 ചതുരശ്ര അടിയിൽ പണികഴിപ്പിച്ച ക്ഷേത്രത്തിലെ പൂജാവിധികളും ഗുരുവായൂർ ക്ഷേത്രത്തിലേതിന് സമാനം. കേരളീയ ക്ഷേത്ര ആചാരങ്ങളോടെ ഉത്സവവും ഓണം, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളും ആഘോഷിക്കാറുണ്ട്. സുബിൻ ബാലകൃഷ്ണനാണ് പ്രസിഡന്റ്. ഡോ. രാംദാസ് കണ്ടത്ത് വൈസ് പ്രസിഡന്റാണ്. അമേരിക്കയിൽ ആകെയുള്ള മുപ്പതിൽ താഴെ ക്ഷേത്രങ്ങളിൽ ആറോ ഏഴോ എണ്ണം മലയാളികളുടേതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |