
തിരുവനന്തപുരം: കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം മികച്ച കരകൗശല കലാകാരന്മാർക്കു നൽകുന്ന ദേശീയ പുരസ്കാരം മൂന്ന് മലയാളികൾക്ക്. കൊല്ലം കടവൂർ ചെങ്കിലാത്തു വിളയിൽ കെ. സുലൈമാൻകുട്ടി (വയ്ക്കോൽചിത്രം),തൃപ്പൂണിത്തുറ ഏരൂർ വടക്കേമുടിപ്പറമ്പിൽ വി.കെ. ജയൻ (ടെറാകോട്ട ക്രാഫ്റ്റ്),കൊല്ലം പെരിനാട് അമ്പലവയൽ മുടിയിൽ പടിഞ്ഞാറ്റതിൽ ബി. രാധാകൃഷ്ണപിള്ള(വയ്ക്കോൽ ചിത്രം) എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്.
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലുള്ള അനന്തശയനം ചിത്രത്തിനാണ് സുലൈമാൻകുട്ടിയ്‌ക്ക് പുരസ്‌കാരം ലഭിച്ചത്. 'ധ്യാനത്തിലിരിക്കുന്ന വീരഹനുമാൻ' ചിത്രമാണ് രാധാകൃഷ്ണപിള്ളയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.
9ന് ഡൽഹിയിൽ നടക്കുന്ന സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്‌കാരങ്ങൾ സമ്മാനിക്കും. ടെറാകോട്ടയിലെ ശില്പനിർമ്മാണ മികവിന് കേരള ലളിതകലാ അക്കാഡമി പുരസ്കാരം രണ്ടുതവണ ജയൻ നേടിയിട്ടുണ്ട്. രാധാകൃഷ്ണപിള്ള വയ്ക്കോൽചിത്രങ്ങളുടെ രൂപകല്പനയ്ക്ക് രണ്ടു സംസ്ഥാന അവാർഡും 2014ൽ നാഷണൽ മെറിറ്റ് അവാർഡും നേടി. സുലൈമാൻകുട്ടിക്ക് ഒരു സംസ്ഥാന അവർഡ് ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |