
സഹോദരി പൂജയോടൊപ്പം അവധിക്കാല യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ച് നടി സായ് പല്ലവി.മേക്കപ്പ് ഇല്ലാതെയാണ് താരം. വിലകൂടിയ വസ്ത്രങ്ങൾ, അത്യാധുനിക മേക്കപ്പ് വസ്തുക്കൾ ഇതൊന്നും സായ് പല്ലവിയുടെ ജീവിതശൈലിയെ സ്വാധീനിച്ചിട്ടില്ലെന്ന് ആരാധകർ.
നൃത്തം കൊണ്ടും അഭിനയം കൊണ്ടും മാത്രമല്ല, ലളിതമായ ജീവിതം കൊണ്ടും അമ്പരപ്പിക്കുന്ന വ്യക്തിത്വമാണ് സായ് പല്ലവിയുടേത്.
സിനിമാതാരത്തിന്റെ യാതൊരുവിധ ആഡംബരങ്ങളുമില്ലാതെയാണ് പലപ്പോഴും റിയൽ ലൈഫിൽ സായ് പ്രത്യക്ഷപ്പെുക. പല സിനിമകളിലും മേക്കപ്പ് ഇല്ലാതെ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിലും ജീവിതത്തിലും മാത്രമല്ല, നിലപാടുകളിലും തിളങ്ങുന്ന താരമാണ്. കോടികൾ ഓഫർ ചെയ്തിട്ടും ഫെയർനെസ്സ് കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു.ഓസ്ട്രേലിയയിലാണ് സായ് പല്ലവിയുടെ സഹോദരി പൂജ ജോലി ചെയ്യുന്നത്.ഡോക്ടർ കൂടിയായ സായ് പല്ലവി തെന്നിന്ത്യയിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാൾ കൂടിയാണ്. പ്രതിഫലമായി മൂന്നു കോടി മുതൽ ആറു കോടി വരെ താരം കൈപ്പറ്റുന്നു എന്നാണ് റിപ്പോർട്ട്.രൺബീർ കപൂറിന്റെ നായികയായി സായ് പല്ലവി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം രാമായണയ്ക്ക് വേണ്ടി 6 കോടിയാണ് പ്രതിഫലം കൈപ്പറ്റിയതെന്ന് വാർത്തകൾ ഉണ്ടായിരുന്നു.
അതേസമയം തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ കോട്ടഗിരിയാണ് സായ് പല്ലവിയുടെ ജന്മദേശം. കലാ-സാഹിത്യരംഗത്തെ മികവിന് തമിഴ്‌നാട് സർക്കാർ നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ കലൈമാമണി പുരസ്കാരം അടുത്തിടെ ലഭിച്ചിരുന്നു.

