
തിരുവനന്തപുരം/ കൊച്ചി: ബംഗളൂരുവിൽ താമസമാക്കിയ മലയാളി യുവതി കെ.പി.സി.സി പ്രസിഡന്റിന് ഇ-മെയൽ സന്ദേശം അയച്ച് പരാതി പറഞ്ഞതിൽ ദുരൂഹതയുണ്ടെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ആരോപിച്ചു.
ആദ്യ കേസിൽ അറസ്റ്റ് തടഞ്ഞുള്ള ഹൈക്കോടതിയുടെ ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെയാണ് ഈ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
പരാതിക്കാരിക്ക് പൊലീസുമായി ഓൺലൈനിൽ ബന്ധപ്പെടാൻ എല്ലാ സാഹചര്യവും സൗകര്യവും ഉണ്ടായിരിക്കെ അതൊഴിവാക്കിയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
യുവതിയുടെ പേരോ, പീഡനം നടന്നതായി ആരോപിക്കുന്ന തീയതിയോ സ്ഥലമോ പരാതിയിൽ പരാമർശിക്കാത്തതിനാൽ രാഷ്ട്രീയ പേരിതമായ ഗൂഢാലോചനയാണ്. 2023ൽ ഏതോ ഒരു ഹോംസ്‌റ്റേയിൽ വച്ചാണ് പീഡനമെന്നാണ് ആരോപണം.
ആദ്യകേസിനു പിന്നാലെയാണ് ഈ പരാതി ഉണ്ടായത്. അതിൽ നിന്ന് പരാതിക്കു പിന്നിലെ ദുരൂഹത വ്യക്തമാണെന്നും ഹർജിയിൽ പറയുന്നു.
ആദ്യ കേസിൽ മുൻകൂർ ജാമ്യം തേടിയുള്ള ഹൈക്കോടതിയിലെ ഹർജിയിലും രാഷ്ട്രീയപ്രേരിത അന്വേഷണമാണ് നടക്കുന്നതെന്ന് രാഹുൽ പറയുന്നു. തിരുവനന്തപുരത്തെ വിചാരണക്കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിന് തൊട്ടുപിന്നാലെയാണ് അഡ്വ. എസ്. രാജീവ് മുഖേനെ ഹൈക്കോടതിയെ സമീപിച്ചത്.
നിയമവിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
യുവതിയുമായി അടുപ്പത്തിലായിരുന്നു. സ്വകാര്യ സംഭാഷണത്തിന്റെ വോയ്‌സ് ക്ലിപ്പുകൾ സമൂഹ മാദ്ധ്യമങ്ങളിൽ വന്നതോടെയാണ് അകന്നത്. വോയ്‌സ് ക്ലിപ്പുകൾ പുറത്തുവിട്ടത് താനാണെന്ന് പരാതിക്കാരി സംശയിച്ചു. എതിർപക്ഷത്തുള്ളവർ രാഷ്ട്രീയസാഹചര്യം മുതലെടുത്ത് ഇവ പ്രചരിപ്പിച്ചു. ഇതോടെയാണ് പരാതിക്കാരി തന്നെ തള്ളിപ്പറയുന്നതെന്നും ഹർജിക്കാരൻ വാദിക്കുന്നു. കൂടുതൽ തെളിവുകൾ ഹാജരാക്കാമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |