
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവില്വാമല ക്ഷേത്രത്തിലേക്ക് മരണശേഷം ഒസ്യത്തായി എഴുതി നൽകിയ ഭൂമിയും പുരയിടവും സ്വന്തം പേരിലാക്കിയ കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ നടപടിയുണ്ടായേക്കും. മുൻ തിരുവില്വാമല ദേവസ്വം മാനേജരും ഇപ്പോഴത്തെ ഡെപ്യൂട്ടി കമ്മിഷണറുമായ സുനിൽ കുമാറിനെതിരെയാണ് പരാതി ഉയർന്നത്.
ഇന്നലെ ഇതുസംബന്ധിച്ച് വാർത്ത കേരള കൗമുദി പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് നടപടിക്ക് നീക്കം. 2017ൽ സുനിൽകുമാർ ദേവസ്വം മാനേജരായിരുപ്പോഴാണ് 70 സെന്റ് സ്ഥലവും പുരയിടവും സ്വന്തം പേരിൽ എഴുതി വാങ്ങിയെന്ന പരാതി ഉയർന്നത്. പെരിങ്ങോട്ടുകുറിശി വടക്കേ അണിയത്ത് വീട്ടിൽ റിട്ട. അദ്ധ്യാപിക എ.കുഞ്ഞിക്കാവു അമ്മയാണ് ക്ഷേത്ര വികസനത്തിന് ഉപയോഗിക്കാൻ ഏകദേശം 45 ലക്ഷം വിലവരുന്ന ഭൂമിയും പുരയിടവും എഴുതി നൽകിയത്. ക്ഷേത്രത്തിലേക്ക് ഇഷ്ടദാനം നൽകുന്ന വസ്തുക്കൾ ദേവസ്വം ബോർഡ് സെക്രട്ടറിയുടെ പേരിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. എന്നാൽ അന്നത്തെ ദേവസ്വം മാനേജർ സ്വന്തം പേരിലാക്കി. മരണശേഷം ഭൂമിയും വീടും വിറ്റു കിട്ടുന്ന തുക ക്ഷേത്രത്തിന്റെ വികസന കാര്യങ്ങൾക്ക് ഉപയോഗിക്കണമെന്നും രേഖപ്പെടുത്തിയിരുന്നു.
ക്ഷേത്രത്തിലേക്ക് ഭൂമി എഴുതിവച്ച വിവരം അന്നത്തെ ദേവസ്വം മാനേജർ ബോർഡിനെ അറിയിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് എറണാകുളം സെൻട്രൽ റേഞ്ച് പൊലീസ് സൂപ്രണ്ടിനാണ് പരാതി ലഭിച്ചത്. നെട്ടിശ്ശേരി സ്വദേശി ഇ.സരീഷാണ് പരാതിക്കാരൻ. സംഭവത്തിൽ
ഇന്നലെ തൃക്കൂർ സ്വദേശി മുഖ്യമന്ത്രിക്കും പരാതി നൽകി. എന്നാൽ ക്ഷേത്രത്തിന് എഴുതിവച്ച ഭൂമി ഇവർ മരണമടഞ്ഞ് രണ്ടുവർഷം പിന്നിട്ടിട്ടും ബോർഡിനെ അറിയിക്കാതിരുന്നത് ഗുരുതരമായ പിഴവാണെന്ന് പരാതിയിൽ പറയുന്നു. ഇതിനിടെ സംഭവത്തെ കുറിച്ച് പൊതുപ്രവർത്തകരും അവരുടെ ബന്ധുക്കളും അന്വേഷണം നടത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ ഭൂമിയും വീടും വിറ്റ് പണം ദേവസ്വം ബോർഡിലേക്ക് അടയ്ക്കുന്ന നടപടികളിലേക്ക് കടന്നെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |