കണ്ണൂർ: പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ കണ്ണൂർ കോർപ്പറേഷനിൽ യു.ഡി.എഫിന്റെ വിമത സ്ഥാനാർത്ഥികൾ ശക്തമായ പ്രചാരണത്തിൽ. മുസ്ലിം ലീഗിന്റെ രണ്ടും, കോൺഗ്രസിന്റെ ഒരു വിമതയുമാണ് യു.ഡി.എഫിന് തലവേദന സൃഷ്ടിക്കുന്നത്. എന്നാൽ, വിമതർ ഒരു നിലയ്ക്കും ഭീഷണിയാവുന്നില്ലെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ അവകാശവാദം.
പയ്യാമ്പലം, ആദികടലായി, വാരം എന്നിവിടങ്ങളിലാണ് വിമത ഭീഷണിയുള്ളത്. മേയറാകാൻ സാദ്ധ്യതയുള്ള പി. ഇന്ദിരയ്ക്ക് പയ്യാമ്പലത്ത് മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന കെ.എൻ ബിന്ദുവാണ് വിമത. വിമതനീക്കം ഏശില്ലെന്നാണ് ഡെപ്യൂട്ടി മേയർ പി. ഇന്ദിരയുടെ ആത്മവിശ്വാസം. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ ആദികടലായിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി റിജിൽ മാക്കുറ്റിക്ക് വിമതൻ ലീഗിൽ നിന്ന്. കോൺഗ്രസ് ലീഗിന് സീറ്റ് വിട്ടുകൊടുക്കാത്തതു കൊണ്ടാണ് താൻ വിമതനായതെന്ന് സ്ഥാനാർത്ഥി പി. മുഹമ്മദലി. വിമതൻ വോട്ടു കുറയ്ക്കില്ലെന്നും ഇടതു പക്ഷവുമായുള്ള അഡ്ജസ്റ്റുമെന്റാണിതെന്നും റിജിൽ മാക്കുറ്റി പറഞ്ഞു.
പ്രാദേശിക നേതാക്കളെ പരിഗണിക്കാതെ അപ്പുറത്തെ ഡിവിഷനിൽ നിന്നുള്ള കെ.പി താഹിറിനെ സ്ഥാനാർത്ഥിയാക്കിയതാണ് വാരം ഡിവിഷനിലെ വിമതൻ റയീസ് അസ്അദിയുടെ പ്രശ്നം. താഹിറിനെതിരെ കടുത്ത പ്രചാരണത്തിലാണ് റയീസ്. എന്നാൽ താൻ പുറത്തുനിന്നുള്ള ആളല്ലെന്നാണ് താഹിറിന്റെ മറുപടി. കോൺഗ്രസ് ലീഗുമായി വെച്ചുമാറിയ വാരം ഡിവിഷനിൽ കോൺഗ്രസ് വോട്ടുകൾ തുണച്ചേക്കും. എന്നാൽ പയ്യാമ്പലത്ത് കെ.എൻ ബിന്ദുവിന് നേരിട്ട് പ്രവർത്തനപരിചയമുള്ളത് ഗുണമാകാനിടയുണ്ട്. ആദികടലായിയിൽ മുസ്ലിം വോട്ടുകൾ ഭിന്നിച്ചാൽ റിജിൽ മാക്കുറ്റിക്കും ക്ഷീണമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |