
കൊല്ലം: ചവറയിൽ മുത്തശ്ശിയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു. ചവറ വട്ടത്തറ ക്രസന്റ് മുക്കിൽ കണിയാന്റെയ്യത്ത് വീട്ടിൽ സുലേഖ ബീവിയാണ് (78) കൊല്ലപ്പെട്ടത്. സംഭവത്തിൽ ചെറുമകനായ ഷാനവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുലേഖയെ കൊന്നശേഷം ഷാനവാസ് കട്ടിലിനടിയിൽ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. സംഭവം നടക്കുമ്പോൾ ഷാനവാസും സുലേഖ ബീവിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ലഹരിവസ്തു വാങ്ങാൻ സുലേഖ ബീവി തന്റെ പെൻഷൻ പണം നൽകിയില്ലെന്ന വൈരാഗ്യത്തിൽ ഷാനവാസ് കൊലപാതകം നടത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ഷാനവാസിന്റെ ഉമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
പൊലീസ് പറയുന്നത്: ഷാനവാസിന്റെ ഉമ്മ മുംതാസ് സമീപത്തെ വിവാഹ സത്കാരത്തിന് പോയ സമയം മുംതാസിന്റെ സഹോദരൻ ഹുസൈൻ വീട്ടിലെത്തിയപ്പോൾ കതക് അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. വീട്ടിലുള്ളവരെ വിളിച്ചിട്ടും തുറന്നില്ല. അകത്തേക്ക് നോക്കിയപ്പോൾ വീട്ടിനുള്ളിൽ ആരോ ഒരാൾ ഉണ്ടന്ന് മനസിലായി. തുടർന്ന് ഇദ്ദേഹം നാട്ടുകാരുടെ സഹായത്തോടെ കതക് ബലമായി തുറന്ന് അകത്ത് കടക്കുന്നതിനിടെ ഷാനവാസ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സംശയം തോന്നിയ ഹുസൈനും നാട്ടുകാരും ഷാനവാസിനെ പിടിച്ചുവച്ചു. ഇയാൾ അപ്പോൾ ലഹരി ഉപയോഗിച്ചതിന്റെ ഉന്മാദാവസ്ഥയിൽ ആയിരുന്നു. സുലേഖയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനിയില്ല. ഒടുവിൽ കട്ടിലിനിടയിൽ നോക്കിയപ്പോൾ ബെഡ് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് ചവറ പൊലീസിൽ വിവരം അറിയിച്ചു.
ഈ സമയം വിവാഹ സത്കാരം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മുംതാസ് വിവരം അറിയുന്നത്. തുടർന്നായിരുന്നു ആത്മഹത്യാശ്രമം. പൊലീസെത്തി ഷാനവാസിനെ കസ്റ്റഡിയലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഷാനവാസിന്റെ പേരിൽ നിരവധി ക്രിമിനൽ കേസുള്ളതായി പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |