കൊല്ലം: കൊട്ടിയത്ത് ദേശീയപാത തകർന്നതിന്റെ ആശങ്ക വിട്ടൊഴിയാതെ നിൽക്കവേയാണ്, മറ്റൊരു ദുരന്തം അഷ്ടമുടിക്കായലിൽ ഇന്നലെ പുലർച്ചെ വഴുതിമാറിയത്. നാടുറങ്ങുന്ന വേളയിൽ 11 മത്സ്യബന്ധന ബോട്ടുകളെ അഗ്നി വിഴുങ്ങിയതിന്റെ ഞെട്ടലിലാണ് മത്സ്യമേഖല. തിരഞ്ഞെടുപ്പ് പ്രമാണിച്ച് തൊഴിലാളികൾ ആരുംതന്നെ ബോട്ടിൽ ഇല്ലാതിരുന്നതാണ് വൻദുരന്തം ഒഴിവാക്കിയത്.
ആറ് മണിക്കൂറോളം കുരീപ്പുഴ പള്ളിക്ക് സമീപം ചിറ്റപ്പനഴികത്ത് കായൽവാരം ഭീതിയുടെ പുകപടലങ്ങളിൽ മുങ്ങി. രൂക്ഷമായ പുക ശ്വസിച്ച് ചിലർക്ക് ശാരീരിക അസ്വസ്ഥതയുണ്ടായി. ഏത് ബോട്ടിൽ നിന്നാണ് തീ പടർന്നത് എന്നറിയില്ല. ബോട്ടുകൾ പൂർണമായി കത്തി. പലതും വെള്ളത്തിലേക്ക് താഴ്ന്നു. കത്തിയ ബോട്ടുകളിൽ രണ്ടെണ്ണം 200 മീറ്ററോളം ഒഴുകി മാറി മൺതിട്ടയിൽ ഇടിച്ചു നിന്നു. വല ഉൾപ്പെടെ കത്തി നശിച്ചു. അടുക്കാൻ പറ്റാത്തവിധം ചൂട് നിറഞ്ഞു. തീ ആളിപ്പടർന്നതോടെ ജനങ്ങൾ പരിഭ്രാന്തരായി. ഇതിനിടെ നാല് തവണ പൊട്ടിത്തെറി ശബ്ദങ്ങളും പ്രദേശത്ത് നിറഞ്ഞു.
ശരാശരി 300 ലിറ്ററോളം ഡീസലും 20 ഓളം സിലിണ്ടറുകളും ബോട്ടുകളിൽ ഉണ്ടായിരുന്നുവെന്നാണ് സൂചന. നൈലോൺവല, ഗ്യാസ് സിലിണ്ടർ, ഡീസൽ ഇവ തീപിടിത്തത്തിന്റെ ആഘാതം കൂട്ടി. ഓരോ ബോട്ടിനും ഏകദേശം 70 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് വർഷത്തോളമായി ബോട്ടുകൾ ഇവിടെയാണ് കെട്ടിയിടുന്നത്. കഴിഞ്ഞ 21ന് കാവനാട് മുക്കാട് മഠത്തിൽ കായൽവാരത്ത് ഒന്നിച്ച് കെട്ടിയിട്ടിരുന്ന നാല് ബോട്ടുകളിൽ രണ്ടെണ്ണം കത്തിനശിച്ചിരുന്നു.
കായലിൽ തീഗോളം
'ഗ്യാസ് പൊട്ടിത്തെറിക്കുന്ന ശബ്ദമാണ് ആദ്യം കേട്ടത്. പുറത്തേക്ക് നോക്കിയപ്പോൾ തീ പടരുന്നതാണ് കണ്ടത്.
ഒരുപാട് പേരുടെ അന്നമാണ്.. അവരുടെ വീട് പട്ടിണിയിലായി...'- പുലർച്ചെ രണ്ടോടെയാണ് കുരീപ്പുഴ ജലറാണിയാലയത്തിൽ ഡാലിയ പൊട്ടിത്തെറി ശബ്ദം കേട്ടത്. ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കായൽകരയിൽ കെട്ടിയിട്ട ബോട്ടുകൾ തീഗോളമായി മാറിക്കൊണ്ടിരിക്കുന്നതാണ് കണ്ടത്. ഉടൻ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. തുടർന്ന് അയൽവാസിയായ റോബർട്ടിനോട് കാര്യം പറഞ്ഞു.
'മിന്നൽ മുരളി'യായി റോബർട്ട്
മത്സ്യത്തൊഴിലാളി റോബർട്ടിന്റെ സമയോചിതമായ ഇടപെടലാണ് അപകടത്തിന്റെ തീവ്രത കുറച്ചത്. ഇരുപതോളം മത്സ്യബന്ധന ബോട്ടുകളാണ് അപകടസമയം തീരത്ത് കെട്ടിയിട്ടിരുന്നത്. പൊട്ടിത്തെറി ശബ്ദങ്ങൾ കേട്ടുകൊണ്ടേയിരുന്നു. ഒരു ബോട്ടിൽ നിന്ന് മറ്റൊന്നിലേക്ക് തീപടരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇതോടെ റോബർട്ട് തീ പിടിക്കാതിരുന്ന ബോട്ടുകളുടെ ക്യാബിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറി എട്ട് ബോട്ടുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
എല്ലാം നശിച്ചു
പുലർച്ചെ മൂന്നോടെയാണ് ദൈവദാനം ബോട്ട് ഉടമ നീണ്ടകര സ്വദേശി ലോറൻസ് സംഭവം അറിയുന്നത്. സ്ഥലത്തെത്തുമ്പോൾ എല്ലാം കത്തിനശിച്ചിരുന്നു. പ്രതീക്ഷകളെല്ലാം അസ്തമിച്ച അവസ്ഥയിലാണ് ലോറൻസ് ഉൾപ്പെടെയുള്ള ബോട്ട് ഉടമകൾ. വലയും മത്സ്യബന്ധന ഉപകരണങ്ങളും ഉൾപ്പെടെ എല്ലാം ചാരമായി.
................................
സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഫിഷറീസ് മന്ത്രിയെ ഉൾപ്പെടെ വിവരം അറിയിച്ചു. നാശനഷ്ടം വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കും
മന്ത്രി ജെ.ചിഞ്ചുറാണി
തീ പിടിക്കാനുണ്ടായ കാരണം കണ്ടെത്തും. വലിയ നാശനഷ്ടമാണ് ഉണ്ടായത്. ബോട്ടുകൾ ഇടുന്ന സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കും. വിശദമായ അന്വേഷണം നടത്തും
കളക്ടർ
ആവർത്തിച്ചുണ്ടാകുന്ന തീപിടിത്തം മൂലം മത്സ്യമേഖയിൽ ഉണ്ടായിരിക്കുന്ന ആശങ്ക അകറ്റണം. ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ച് അപകടം ഉണ്ടായെന്നാണ് സംശയിക്കുന്നത്. സമഗ്രമായ അന്വേഷണം അനിവാര്യമാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാവാതിരിക്കാനുളള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. നഷ്ടപരിഹാരം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം
എൻ.കെ. പ്രേമചന്ദ്രൻ എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |