
തിരുവനന്തപുരം: പുരാവസ്തുക്കൾ അന്താരാഷ്ട്ര കരിഞ്ചന്തയിൽ വിറ്റഴിക്കുന്ന സംഘങ്ങൾക്ക് ശബരിമല സ്വർണമോഷണവുമായുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എസ്.ഐ.ടി തലവൻ എ.ഡി.ജി.പി വെങ്കടേഷിന് കത്തു നൽകി. 10ന് ചെന്നിത്തല ഇതുസംബന്ധിച്ച് എസ്.ഐ.ടിക്ക് മൊഴി നൽകും.
ദേവസ്വം ബോർഡിലെ ഉന്നതർക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി അറിവ് ലഭിച്ചിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. പൗരാണിക വസ്തുക്കൾ അന്താരാഷ്ട്ര കരിഞ്ചന്തയിൽ എത്തിക്കുന്നവരെക്കുറിച്ച് നേരിട്ടറിവുള്ള വ്യക്തിയിൽനിന്നു ലഭിച്ച വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിതെന്ന് ചെന്നിത്തല പറഞ്ഞു.
500 കോടിക്കടുത്തുള്ള ഇടപാടാണ് സ്വർണപ്പാളിയിൽ നടന്നിരിക്കുന്നത്. വിവരങ്ങളുടെ വിശ്വാസ്യത സ്വതന്ത്രമായി താൻ പരിശോധിച്ചു. ചില യാഥാർത്ഥ്യങ്ങളുണ്ടെന്നു മനസിലാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകാന്വേഷണ സംഘത്തിന് വിവരം കൈമാറുന്നത്. ഈ വ്യക്തി അന്വേഷണ സംഘവുമായി സഹകരിക്കാൻ തയ്യാറാണ് എന്നും അറിയിച്ചിട്ടുണ്ട്. കോടതിയിൽ മൊഴി നൽകാനും തയ്യാറാണ്.
ഇപ്പോൾ അറസ്റ്റിലായവർ സഹപ്രതികൾ മാത്രമാണ്. മുഖ്യസംഘാടകർ ഇപ്പോഴും അന്വേഷണ പരിധിയിൽ എത്തിയിട്ടില്ല. പ്രത്യേകാന്വേഷണ സംഘം ചോദ്യംചെയ്ത ആഭരണവ്യാപാരി ഗോവർധൻ ഇടനിലക്കാരൻ മാത്രമാണ്. രാജ്യാന്തര ബന്ധങ്ങളും സാമ്പത്തിക സ്രോതസുമുള്ളവർ ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.
സംഘടിത റാക്കറ്റുകൾ
സംസ്ഥാനത്തിനകത്തു തന്നെ ചില വ്യവസായികളും സംഘടിത റാക്കറ്റുകളും ഇതിന്റെ ഭാഗമാണെന്ന വിവരവും തനിക്കു ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് എസ്.ഐ.ടി തയ്യാറാണെങ്കിൽ കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.സ്വർണക്കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ മന്ത്രിമാരടക്കമുള്ളവർ ജയിലിൽ പോകുമെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |