കരുനാഗപ്പള്ളി: കതിർ മണ്ഡപത്തിൽ നിന്നു നവവധുവിനോടൊപ്പം സ്ഥാനാർത്ഥിയായ വരൻ തുറന്ന ജീപ്പിൽ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിലേക്കിറങ്ങിയത് കൗതുകമായി.
ഓച്ചിറ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ എൽ ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനന്തു എസ്.പോച്ചയിലാണ് പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസം താരമായത്. വിവാഹം ആർഭാടങ്ങളൊന്നും ഇല്ലാതെ ഇന്നലെ വൈകിട്ട് 4 ന് പുതിയകാവ് ഐഡിയിൽ ഓഡിറ്റോറിയത്തിലായിരുന്നു. താലി കെട്ടും മാല ഇടീലും മാത്രമാണ് ഉണ്ടായിരുന്നത്. പുതിയകാവ് അഞ്ജു ഭവനത്തിൽ അനിൽകുമാർ- ബിന്ദു ദമ്പതികളുടെ മകൾ ദേവികയാണ് വധു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് അനന്തുവിന്റെ വിവാഹം വീട്ടുകാർ നിശ്ചയിച്ചിരുന്നു. ക്ലാപ്പന ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ എ.ഐ.എസ്.എഫിലൂടെയാണ് അനന്തു എസ്.പോച്ചയിൽ പൊതു പ്രവർത്തന രംഗത്തേക്ക്വന്നത്. കേരള സർവ്വകലാശാല സെനറ്റ് മെമ്പർ ആയി പ്രവർത്തിച്ചു. എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം, സി.പി.ഐ ഓച്ചിറ മണ്ഡലം കമ്മിറ്റി അംഗം, ആദിനാട് തെക്ക് എസ്.എൻ ലൈബ്രറി എക്സിക്യുട്ടിവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കൊല്ലം കോടതികളിലെ അഭിഭാഷകനാണ്. സി.പി.ഐ നേതാവ് കെ. ഷൺമുഖൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷൺമുഖൻ ദമ്പതികളുടെ മകനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |