
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമാണെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ. മുരളീധരൻ പറഞ്ഞു. ദേശീയപാത തകർന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ദേശീയപാത വികസനത്തിന്റെ പേരിൽ കോടികളുടെ ഫ്ലക്‌സ് വച്ച് പ്രചാരണം നടത്തിയ മുഖ്യമന്ത്രി ഇപ്പോൾ ഉത്തരവാദിത്തമില്ലെന്ന് പറയുന്നതിലൂടെ സ്വയം ചെറുതാകുകയാണ്. വിഷയത്തിൽ സംസ്ഥാനത്തിനും കേന്ദ്രത്തിനും തുല്യഉത്തരവാദിത്വമാണുള്ളത്. കഴിവുകെട്ട മുഖ്യമന്ത്രിയാണെന്ന് പിണറായി വിജയൻ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
ശബരിമലയിലെ സ്വർണം ഉരുക്കി വിറ്റതാകാമെന്ന് ഹൈക്കോടതിയാണ് നിരീക്ഷിച്ചത്. സ്വർണപ്പാളികളും ദ്വാരപാലക ശില്പവും തിരിച്ചു കിട്ടുമോ എന്നുമറിയില്ല. ഗുരുവായൂരിലെ സ്വർണമാല നഷ്ടപ്പെട്ടെങ്കിലും തിരിച്ചു കിട്ടി. ഈ രണ്ട് വിഷയങ്ങളും എം.വി. ഗോവിന്ദൻ താരതമ്യം ചെയ്തത് സി.പി.എമ്മിന്റെ ആശയദാരിദ്ര്യത്തിന്റെ ഭാഗമാണ്. സ്വർണക്കൊള്ളയുടെ വ്യാപ്തി ജനത്തിന് ബോദ്ധ്യമായിട്ടുണ്ട്.
തിരുവനന്തപുരം നഗരസഭയിൽ സി.പി.എമ്മിന്റെ അഴിമതിക്ക് ചൂട്ടുപിടിച്ചത് ബി.ജെ.പിയാണ്. നിലവിലെ മേയർക്ക് സീറ്റ് നിഷേധിച്ചതും അവരെ പ്രചാരണത്തിനിറക്കാത്തതും സി.പി.എമ്മിന്റെ ഭരണപരാജയമാണ് വ്യക്തമാക്കുന്നതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |