
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നാളെ നടക്കുന്ന ഒന്നാംഘട്ട വോട്ടെടുപ്പിന്റെ
ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. രാവിലെ 7 മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. രാവിലെ 6ന് സ്ഥാനാർത്ഥികളുടെയും ഏജന്റുമാരുടെയും സാന്നിദ്ധ്യത്തിൽ മോക്ക്‌പോൾ നടത്തും.
ഒന്നാംഘട്ടത്തിൽ 15,432 പോളിംഗ് ബൂത്തുകൾ. ആകെ 36,630 സ്ഥാനാർത്ഥികൾ. 27,141പേർ ഗ്രാമപഞ്ചായത്തിൽ. 3,366പേർ ബ്ലോക്ക് പഞ്ചായത്തിൽ. 594 പേർ ജില്ലാ പഞ്ചായത്തിൽ. 4,480 പേർ മുനിസിപ്പാലിറ്റിയിൽ. 1,049പേർ കോർപ്പറേഷനിൽ.
പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് അതത് കേന്ദ്രങ്ങളിൽ രാവിലെ 9ന് ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥർ 9നു മുൻപ് റിപ്പോർട്ട് ചെയ്ത് സാമഗ്രികൾ കൈപ്പറ്റണം. തുടർന്ന് വാഹനങ്ങളിൽ ഉച്ചയ്ക്ക് 12ന് മുൻപ് ഉദ്യോഗസ്ഥരെ പോളിംഗ് സ്റ്റേഷനുകളിൽ എത്തിക്കും.
വോട്ട് ചെയ്യാനായി വോട്ടർ ഐ.ഡി കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, പാൻകാർഡ്, ആറ് മാസത്തിന് മുൻപ് ദേശസാൽകൃതബാങ്കുകൾ നൽകിയിട്ടുള്ള ഫോട്ടോപതിച്ച പാസ് ബുക്ക്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർസ്ലിപ്പ് ഇവയിലൊന്ന് കരുതണം. പ്രവാസി വോട്ടർമാർ പാസ്‌പോർട്ടിന്റെ ഒറിജിനൽ കാണിക്കണം.
ഇവർക്ക് ക്യൂ വേണ്ട
പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതയുള്ളവർ എന്നിവർക്ക് ബൂത്തുകളിൽ ക്യൂ ഇല്ലാതെ വോട്ട് ചെയ്യാനുള്ള പ്രത്യേക സൗകര്യമുണ്ടാകും. പോളിംഗ് സ്റ്റേഷനുകളിൽ വൈദ്യുതി, കുടിവെള്ളം, വിശ്രമിക്കാനുള്ള സൗകര്യം, റാമ്പ്, ക്യൂ സൗകര്യങ്ങളും സജ്ജമാണ്.
2,535 ബൂത്തുകൾ
പ്രശ്നബാധിതം
സംസ്ഥാനത്താകെ ജില്ലാ കളക്ടർമാർ കണ്ടെത്തിയ 2,535 പ്രശ്‌നബാധിത ബൂത്തുകളിൽ പ്രത്യേക പൊലീസ് സുരക്ഷയും വെബ്കാസ്റ്റിംഗും വീഡിയോ ചിത്രീകരണവുമുണ്ടാകും. സ്ഥാനാർത്ഥികളുടെ ചെലവിൽ ആവശ്യമായ ബൂത്തുകളിൽ വീഡിയോഗ്രാഫിയും അനുവദിക്കും.
1,80,000
പോളിംഗ് ഉദ്യോഗസ്ഥർ
70,000
സുരക്ഷാ ഉദ്യോഗസ്ഥർ
''പെരുമാറ്റചട്ടലംഘനം, കള്ളവോട്ട് ചെയ്യൽ, ആൾമാറാട്ടം, പോളിംഗ് ബൂത്തിലെ അതിക്രമം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെയുള്ള കൈയ്യേറ്റം, തിരഞ്ഞെടുപ്പ് സാമഗ്രികൾ നശിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്
-എ.ഷാജഹാൻ,
സംസ്ഥാന തിര. കമ്മിഷണർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |