പാലക്കാട് ജില്ലയിൽ സുരക്ഷയ്ക്ക് 4500 പൊലീസ് ഉദ്യോഗസ്ഥർ
പാലക്കാട്: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറ് മണിക്ക് അവസാനിക്കും. പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ നിർദേശിച്ചു.
പൊതുജനങ്ങൾക്ക് മാർഗ തടസം സൃഷ്ടിച്ചുകൊണ്ടുള്ള സമാപന പരിപാടികൾ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗൺസ്‌മെന്റുകളും പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചു മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കാൻ കമ്മിഷണർ ജില്ലാ കളക്ടർമാർക്കും പൊലീസ് അധികൃതർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. ഈ വ്യവസ്ഥ തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനും ബാധകമാണ്.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിൽ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനും സുരക്ഷയ്ക്കുമായി 4500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. 25 ഡെപ്യൂട്ടി സൂപ്രണ്ടുമാർ, 40 ഇൻസ്‌പെക്ടർമാർ, 300 സബ് ഇൻസ്‌പെക്ടർമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് തിരഞ്ഞെടുപ്പ് സുരക്ഷാ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. കൂടാതെ 140 പേർ അടങ്ങുന്ന ഒരു കമ്പനി കേന്ദ്ര സേനയെയും ജില്ലയിൽ വിന്യസിക്കും.
പ്രശ്നബാധിതമെന്ന് കണ്ടെത്തി വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കുന്ന ജില്ലയിലെ 180 പോളിംഗ് ബൂത്തുകളിലും ഒരു അധിക പൊലീസ് ഉദ്യോഗസ്ഥനെ വീതം വിന്യസിക്കും. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മേഖലകളിൽ നാല് പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ഓരോ സംഘത്തെ അധികമായി വിന്യസിക്കും. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന അഗളി, അട്ടപ്പാടി മേഖലകളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെയും അധികമായി നിയോഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |