ആലപ്പുഴ: മുല്ലയ്ക്കൽ ബാലകൃഷ്ണന്റെ വിയോഗം ഒന്നാം പാപ്പാൻ മാരാരിക്കുളം സ്വദേശി മധുവിനെ (കെ.എസ്.അനിൽകുമാർ) പാടെ തളർത്തി. മരണം സ്ഥിരീകരിച്ച നിമിഷം മുതൽ വാവിട്ട് കരഞ്ഞ മധുവിനെ സമാധാനിപ്പിക്കാൻ ഒപ്പമുള്ളവർ ഏറെ പ്രയാസപ്പെട്ടു. ബാലകൃഷ്ണൻ വീഴുന്ന ശബ്ദം കേട്ടാണ് മധുവടക്കമുള്ളവർ ഓടിച്ചെന്നത്. കരഞ്ഞ് അവശനായ മധു തളർന്ന് വീണതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. പ്രഥമ ശുശ്രൂഷക്ക് ശേഷം ഭാര്യക്കും മകൾക്കുമൊപ്പം വീണ്ടും ബാലകൃഷ്ണനരികിലെത്തി പൊട്ടിക്കരഞ്ഞു. വീണ്ടു അസ്വാസ്ഥ്യങ്ങൾ വർദ്ധിച്ചതോടെ കുടുംബവം സഹപ്രവർത്തകരും താങ്ങിയാണ് മധുവിനെ താമസിക്കുന്ന മുറിയിലെത്തിയത്.ക്ഷേത്രവളപ്പിലെത്തിച്ച ലോറിയിലേക്ക് ക്രെയിൻ ഉപയോഗിച്ച് ബാലകൃഷ്ണനെ കയറ്റിയപ്പോഴും മധു നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. 2000ൽ സർവീസിൽ കയറിയ മധു കഴിഞ്ഞ 17 വർഷമായി ബാലകൃഷ്ണനൊപ്പമായിരുന്നു. തുറവൂരിലെ അപകടത്തിന് ശേഷം മധുവിനെ കരുനാഗപ്പള്ളി ആദിനാട് ക്ഷേത്രത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ, മറ്റു പാപ്പാൻമാരോട് ബാലകൃഷ്ണൻ നിസ്സഹകരണം തുടർന്നതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മധുവിനെ തിരികെ എത്തിച്ചു. അടുത്ത വർഷം മേയിൽ ജോലിയിൽ നിന്ന് മധു വിരമിക്കാനിരിക്കെയാണ് ബാലകൃഷ്ണന്റെ വിയോഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |