
സെൻസെക്‌സ് 610 പോയിന്റ് ഇടിഞ്ഞു
കൊച്ചി: അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുറയ്ക്കുന്നതിലെ അനിശ്ചിതത്വം ഇന്ത്യൻ ഓഹരികൾക്ക് ഇന്നലെ കനത്ത തിരിച്ചടിയായി. ഇതോടൊപ്പം വിദേശ നിക്ഷേപകരുടെ പിന്മാറ്റവും വിൽപ്പന സമ്മർദ്ദം ശക്തമാക്കി. ഇന്നലെ സെൻസെക്‌സ് 609.68 പോയിന്റ് നഷ്‌ടവുമായി 85,102.69ൽ അവസാനിച്ചു. നിഫ്‌റ്റി 225.90 പോയിന്റ് ഇടിഞ്ഞ് 25,960.55ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും കനത്ത തിരിച്ചടി നേരിട്ടു. റിയൽറ്റി, ബാങ്ക്, മീഡിയ, വാഹന കമ്പനികളാണ് പ്രധാനമായും തകർച്ചയ്ക്ക‌് നേതൃത്വം നൽകിയത്.
ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 90.38 വരെ കുറഞ്ഞ് റെക്കാഡിട്ടു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 64 ഡോളറിലേക്ക് ഉയർന്നതും നിക്ഷേപകർക്ക് ആശങ്കയായി. ഇതോടെ രാജ്യത്തെ വ്യാപാര കമ്മി അപകടകരമായ തലത്തിലേക്ക് ഉയരുമെന്നാണ് വിലയിരുത്തുന്നത്. തുടർച്ചയായ ഏഴാം ദിവസമാണ് വിദേശ ധന സ്ഥാപനങ്ങൾ വിപണിയിൽ ഓഹരികൾ വിറ്റൊഴിയുന്നത്. ഡിസംബർ ആദ്യ വാരം വിദേശ ധനകാര്യ സ്ഥാപനങ്ങളും വൻകിട ഫണ്ടുകളും 11,820 കോടി രൂപയുടെ ഓഹരികളാണ് വിറ്റുമാറിയത്. നവംബറിൽ 3,765 കോടി രൂപയാണ് വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പിൻവലിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |