തിരുവനന്തപുരം: കേരളക്കരയിലെ ആരാധകരുടെ ആഹ്ലാദാരവങ്ങൾ ഏറ്റുവാങ്ങാൻ ലോക ബാഡ്മിന്റൺ താരം പി.വി സിന്ധു കേരളത്തിലെത്തി. സെറ്റും മുണ്ടുമുടുത്ത് സിന്ധു അമ്മ പി. വിജയയ്ക്കൊപ്പം ഇന്ന് രാവിലെ ക്ഷേത്രദർശനം നടത്തി. തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ക്ഷേത്രത്തിലുമാണ് സിന്ധു തൊഴാനെത്തിയത്.
ഇന്നലെ രാത്രി എട്ട് മണിക്കുള്ള വിമാനത്തിലാണ് ഹൈദരാബാദില്‍ നിന്ന് സിന്ധു തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാനത്താവളത്തിലെത്തിയ സിന്ധുവിനെ കേരള ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളും കായിക താരങ്ങളും ചേർന്ന് സ്വീകരിച്ചു. ഇന്ന് കേരള ഒളമ്പിക്സ് അസോസിയേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായി സിന്ധുവിന് സ്വീകരണം നൽകും.
രാവിലെ 11 മണിക്ക് തിരുവനന്തപുരം വഴുതക്കാട് എം.പി. അപ്പൻ റോഡിലെ കേരള ഒളിമ്പിക് അസോസിയേഷന്റെ ആസ്ഥാന മന്ദിരം 'ഒളിമ്പിക് ഭവൻ' സന്ദർശിക്കും. ഉച്ചക്ക് 2.00 മണിക്ക് സിന്ധുവിനെ സെൻട്രൽ സ്റ്റേഡിയത്തിൽ നിന്നും തുറന്ന ജീപ്പിൽ സൈക്കിളിങ് താരങ്ങൾ, റോളർ സ്കേറ്റിംഗ്, അശ്വാരുഡ പോലീസ് സേന, വിവിധ കായിക താരങ്ങൾ എന്നിവർ ചേർന്ന് വൻജനാവലിയുടെ അകമ്പടിയോടെ ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ നടത്തും.
3.30 ന് ആദരിക്കൽ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.പി. ഡോ. ശശിതരൂർ, എം.എൽ.എ. വി.എസ്. ശിവകുമാർ തുടങ്ങിയവർ പങ്കെടുക്കും.