
പൂഞ്ഞാർ: വോട്ടിംഗ് മെഷീനിൽ നോട്ടയില്ലാത്തതിനെ രൂക്ഷമായി വിമർശിച്ച് മുൻ എം എൽ എ പി സി ജോർജ്. ഒരു വൃത്തികെട്ട തിരഞ്ഞെടുപ്പ് സമ്പ്രദായമാണിതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരക്കേടാണിതെന്നും അദ്ദേഹം പറഞ്ഞു.
പി സി ജോർജിന്റെ വാർഡിൽ എൻ ഡി എ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നോട്ടയില്ലാത്തതിനെ പി സി ജോർജ് കുറ്റപ്പെടുത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ 'നോട്ട' ബട്ടണ് പകരം എൻഡ് ബട്ടൺ ആണുള്ളത്. അതും ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് മാത്രം. മുൻസിപ്പാലിറ്റി, കോർപ്പേറേഷൻ തിരഞ്ഞെടുപ്പിൽ അതിനുള്ള സൗകര്യമില്ല.
തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്തവർക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാൻ വോട്ടിംഗ് മെഷീനിലുള്ള ബട്ടൺ ആണ് നോട്ട. സമാന രീതി തന്നെയാണ് 'എൻഡ്' ബട്ടണും.
ത്രിതല പഞ്ചായത്തിൽ (ജില്ലാ, ബ്ലോക്ക്, ഗ്രാമം) ഏതെങ്കിലും ഒരു തലത്തിലെ സ്ഥാനാർത്ഥിക്കു മാത്രമേ വോട്ട് ചെയ്യാൻ താത്പര്യമുള്ളുവെങ്കിൽ അതുമാത്രം ചെയ്ത് മറ്റുള്ളവ ഒഴിവാക്കാനാണ് എൻഡ് ബട്ടൺ. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിക്കുമാത്രമേ വോട്ട് ചെയ്യാൻ താത്പര്യമുള്ളൂവെങ്കിൽ അതുമാത്രം ചെയ്ത് എൻഡ് ബട്ടൺ അമർത്താം. സമാന രീതി തന്നെയാണ് മറ്റു രണ്ടു തലങ്ങളിലും.
ഒരു തലത്തിൽ മാത്രം വോട്ട് ചെയ്ത് എൻഡ് ബട്ടൺ അമർത്താതിരുന്നാൽ പോളിംഗ് ഉദ്യോഗസ്ഥൻ ബട്ടൺ അമർത്തി യന്ത്രം സജ്ജീകരിക്കും. ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പിലാണ് 'നോട്ട' (നൺ ഓഫ് ദി എബൗ) സൗകര്യമുള്ളത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നോട്ടയ്ക്ക് ലഭിച്ചത് 1,58,376 വോട്ടുകളായിരുന്നു. ആകെ വോട്ടുകളുടെ 0.7 ശതമാനം ആണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |