കൊച്ചി: വൃക്കമാറ്റിവയ്ക്കേണ്ടി വരുന്നവരുടെ വലിയ പ്രചോദനവും ആശ്രയവുമായിരുന്ന തൃശൂർ പൊങ്ങണംകാട് കൊള്ളന്നൂർ ഡേവിസ് (60) ഓർമ്മയായി. രണ്ടു വട്ടം വൃക്ക മാറ്റിവയ്ക്കേണ്ടി വന്നതും ഇതിനിടെ രക്താർബുദത്തിൽ നിന്ന് സുഖം പ്രാപിച്ചതുമായ ഡേവിസിന്റെ അതിജീവിതകഥ അവിശ്വസനീയമായിരുന്നു.
2001 ആഗസ്റ്റിൽ വൃക്ക മാറ്റിവച്ച ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന മികച്ച ബാഡ്മിന്റൺ കളിക്കാരനായ ഡേവിസ് 2003ലും 2006ലും അവയവം മാറ്റിവച്ചവരുടെ ദേശീയ ഗെയിംസിൽ പങ്കെടുത്ത് സ്വർണം നേടി. 2011ൽ കാനഡയിലെ ടൊറന്റോയിൽ നടന്ന വേൾഡ് ട്രാൻസ്‌പ്ളാന്റ് ഗെയിംസിൽ പോയി വെള്ളിയുമായി തിരിച്ചെത്തി. 2013ൽ ഡർബനിൽ നിന്നും വെള്ളിയും ലഭിച്ചു. ഇതിനിടെ തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ ട്രാൻസ്‌പ്ളാന്റ് കോ ഓർഡിനേറ്റർ ജോലിയും ഏറ്റെടുത്തു. വൃക്ക മാറ്റിവയ്ക്കേണ്ടി വരുന്ന നൂറുകണക്കിന് രോഗികളുടെയും ബന്ധുക്കളുടെയും ആശങ്കകൾ ഇറക്കി വയ്ക്കാനുള്ള അത്താണിയായിരുന്നു ഡേവിസ്.
2014ൽ വിധി വീണ്ടും വില്ലനായി. ഇക്കുറി ബ്ളഡ് കാൻസറാണ് ഡേവിസിനെ പരീക്ഷിക്കാനെത്തിയത്. അതിലും തളരാതെ പോരാടി ജയിച്ചു. വെല്ലൂരിലും ഇടപ്പള്ളി അമൃത ആശുപത്രിയിലുമായിരുന്നു ചികിത്സ. രക്താർബുദം ഡേവിസിനു മുന്നിൽ ആയുധംവച്ച് കീഴടങ്ങിയെങ്കിലും കീമോതെറാപ്പിയുടെ പാർശ്വഫലം മാറ്റിവച്ച വൃക്കയെ വീണ്ടും പ്രശ്നത്തിലാക്കി. 2016ൽ വൃക്ക രണ്ടാമതും മാറ്റി വച്ചു. എന്നിട്ടും തളരാതെ ട്രാൻസ്‌പ്ളാന്റ് കോ ഓർഡിനേറ്റർ ജോലി പുനരാരംഭിച്ചു. മാസങ്ങൾക്കുള്ളിൽ ബാഡ്മിന്റൺ കോർട്ടിലേക്കുമിറങ്ങി. ഒരിക്കൽ കൂടി ലോക ഗെയിംസിൽ പങ്കാളിയായി.
വെസ്റ്റ് ഫോർട്ട് ആശുപത്രിയിലെ സീനിയർ നെഫ്രോളജി കൺസൾട്ടന്റായ ഡോ.ടി.ടി. പോൾ രോഗത്തിന്റെ തുടക്കം മുതൽ ഡേവിസിനെ താങ്ങും തണലും ധൈര്യവുമായി ഒപ്പമുണ്ടായിരുന്നു. ഡോക്ടർ-രോഗി ബന്ധം വർഷങ്ങൾ കഴിഞ്ഞപ്പോൾ ആത്മബന്ധമായും വളർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |