തൃശൂർ: ഒന്നര മാസത്തിനിടെ, നഗരത്തിലും പരിസര പ്രദേശങ്ങളിലുമുണ്ടായത് 20 ഓളം ബൈക്ക് മോഷണം. ഈ കേസിൽ പിടിയിലായത് വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന പതിനഞ്ചും പതിനാറും വയസുള്ള വിദ്യാർത്ഥികൾ. റിപ്പബ്ലിക് ദിനം, ഉത്രാളിക്കാവ് പൂരം, ചീരക്കുഴി കാവടി, വിയ്യൂർ മണലാറുകാവ് വേല തുടങ്ങിയ ആഘോഷങ്ങൾക്കായി എത്തുന്നവർ പാർക്ക് ചെയ്യുന്ന ബൈക്കാണ് മോഷണം പോയത്. ഇതിൽ പത്തോളം ബൈക്ക് പൊലീസ് കണ്ടെടുത്തു. പേരാമംഗലം, വിയ്യൂർ, തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിലായിരുന്നു മോഷണങ്ങളേറെയും.
തിങ്കളാഴ്ച രാത്രി തൃശൂർ പ്രസ് ക്ലബ്ബിന് മുൻപിലെ മോഷണം ഉൾപ്പെടെ ഈസ്റ്റ് സ്റ്റേഷൻ പരിധിയിൽ മാത്രം ഒരാഴ്ചയ്ക്കിടെ നഷ്ടപ്പെട്ടത് മൂന്ന് ബൈക്കാണ്. ആർ വൺ ഫൈവ്, ഹിമാലയ, ഹീറോ ഹോണ്ട പാഷൻ തുടങ്ങിയ ബൈക്കുകളാണ് കാണാതായത്. ഇതിൽ കുട്ടിമോഷ്ടാക്കൾ കടത്തിയ ഹിമാലയ ബൈക്ക് പൊലീസ് കണ്ടെടുത്തു. എന്നാൽ ആർ വൺ ഫൈവ് ബൈക്കെടുത്ത് കറങ്ങിയ ശേഷം കുട്ടിമോഷ്ടാക്കൾ മറ്റൊരിടത്ത് ഉപേക്ഷിച്ചെങ്കിലും അവിടെ നിന്നും കാണാതായത്രേ. കഴിഞ്ഞയാഴ്ച വിയ്യൂർ സ്റ്റേഷൻ പരിധിയിൽ നിന്നും യൂണികോൺ ബൈക്കും പേരാമംഗലം പരിധിയിൽ നിന്നും രണ്ട് പൾസർ ബൈക്കും ഒരു പാഷൻ പ്രോ ബൈക്കും കാണാതായി. ഇതിൽ പാഷൻ പ്രൊ, പൾസർ ബൈക്കുകൾ കണ്ടെടുത്തെന്ന് പൊലീസ് പറയുന്നു.
മോഷണം 'അടിച്ചുപൊളിക്കാൻ'
വിയ്യൂരും കിരാലൂരും കേന്ദ്രീകരിച്ചുള്ള കുട്ടികളുടെ സംഘമാണ് ബൈക്ക് മോഷണത്തിന് പിന്നിൽ. അടിച്ചുപൊളിക്കാൻ ലക്ഷ്യമിട്ട് മോഷ്ടിക്കുന്ന ബൈക്കുകൾ ഉപയോഗശേഷം ഉപേക്ഷിക്കും. പേരാമംഗലത്ത് വച്ച് നഷ്ടപ്പെട്ട വള്ളിവട്ടം സ്വദേശി അനീഷിന്റെ ബൈക്കുമായി പെട്രോൾ പമ്പിൽ എത്തിയപ്പോഴാണ് വീണ്ടെടുക്കാനായത്. ഈ വർഷം ജനുവരിയിൽ കുട്ടിക്കള്ളൻമാർ മോഷ്ടിച്ച പത്തിലേറെ ബൈക്കും കണ്ടെടുത്തിരുന്നു.
അലഞ്ഞുതിരിയുന്ന സംഘങ്ങളും
പ്രസ് ക്ലബ്ബിന് മുൻപിലെ ഹീറോ ഹോണ്ട പാഷൻ ബൈക്ക് മോഷ്ടിച്ചതിന് പിന്നിൽ നഗരത്തിൽ അലഞ്ഞുതിരിയുന്നവരെന്ന് പൊലീസ്. മോഷ്ടാക്കളെ തിരിച്ചറിഞ്ഞതിനാൽ ഇവർക്കായി വല വിരിച്ചിട്ടുണ്ട്. തൃശൂർ പ്രസ് ക്ലബ്ബിന്റെ പാർക്കിംഗ് ഏരിയയിൽ നിറുത്തിയിട്ടിരുന്ന തുണിക്കടയിലെ ജീവനക്കാരനായ അൽത്താഫിന്റെ ബൈക്കാണ് രണ്ടംഗ സംഘം കവർന്നത്. പ്രസ് ക്ലബ്ബിന്റെ സി.സി.ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |