
കായംകുളം: സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ പിന്നാലെ ബൈക്കിലെത്തി ആക്രമിച്ച് സ്വർണ്ണമാല കവരാൻ ശ്രമിച്ച മോഷ്ടാക്കൾ അറസ്റ്റിൽ. കൊല്ലം പെരുമാൻതൊടി അൽത്താഫ് മൻസിലിൽ അൽത്താഫ് (27), കൊല്ലം ഇരവിപുരം മണക്കാട് ന്യൂനഗറിൽ തൊടിയിൽ തൗഫീഖ് (22) എന്നിവരെയാണ് കായംകുളം പൊലീസ് പിടികൂടിയത്.
കഴിഞ്ഞ 5ന് രാവിലെയാണ് കരീലക്കുളങ്ങര സ്പിന്നിംഗ് മിൽ ജീവനക്കാരിയായ യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമം നടന്നത്. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ യുവാക്കൾ സ്കൂട്ടറിൽ പോയ യുവതിയെ പിന്തുടർന്ന് കൈ അടിച്ച് വീഴ്ത്താൻ ശ്രമിച്ചാണ് കഴുത്തിൽ കിടന്ന ഒരു പവനോളം തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. സ്കൂട്ടർ മറിഞ്ഞ് ആൾക്കാർ എത്തിയതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. യുവതിക്ക് കൈക്കും കാലിനും പരിക്കേറ്റു. നാലുദിവസം കൊണ്ട് കായംകുളം മുതൽ കൊല്ലം വരെ 250 ഓളം CCTV ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. കായംകുളത്ത് മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിന് മുമ്പ് പ്രതികൾ അമ്പലപ്പുഴയിൽ യുവാവിന്റെ മൊബൈൽ ഫോണും തട്ടിപ്പറിച്ചിരുന്നു. ഇരുവരുടെയും പേരിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |