ആലുവ: കുട്ടമശേരിയിൽ വാഹന പരിശോധനയ്‌ക്കിടെ അഞ്ച് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി സൈലെഡു കുനഡോറ (29)യെ ആലുവ
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. അഭിദാസിന്റെ നേതൃത്വത്തിൽ പിടികൂടി.
പെരുമ്പാവൂർ ഭാഗത്ത് നിന്ന് ആലുവയിലേക്ക് ബൈക്കിൽ വരികയായിരുന്നു പ്രതി ബാഗിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. മൂന്നാറിൽ ക്രെയിൻ ഓപ്പറേറ്ററായ ഇയാൾ നാട്ടിൽ നിന്ന് കിലോയ്ക്ക് 2000 രൂപ നിരക്കിൽ വാങ്ങിയതാണ് കഞ്ചാവ്. മാസത്തിൽ രണ്ട് തവണ വിമാനമാർഗം നാട്ടിൽ പോയി തിരികെ ട്രെയിനിൽ വരുമ്പോൾ 20 കിലോ വീതം കഞ്ചാവ് കൊണ്ടുവരും. കിലോ 40000 രൂപ നിരക്കിൽ കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂർ, ആലുവ ഭാഗങ്ങളിലാണ് വിൽപ്പന.
കേരളത്തിൽ പൊലീസും എക്സൈസും ആർ.പി.എഫും ട്രെയിനിൽ പരിശോധന കൂട്ടിയപ്പോൾ തമിഴ്നാട്ടിൽ ട്രെയിൻ ഇറങ്ങിയ ശേഷം ബസ് മാർഗമാണ് മൂന്നാറിലെത്തിക്കുന്നത്. മൂന്നാറിൽ നിന്ന് പെരുമ്പാവൂർ, ആലുവ ഭാഗത്തേക്ക് വരുമ്പോൾ പരിശോധന ഇല്ലാത്തതിനാലാണ് ഇതുവഴി വന്നതെന്നും പ്രതി പറഞ്ഞു. ആലുവയിൽ അഞ്ച് കിലോ ആവശ്യപ്പെട്ടയാൾക്ക് കൈമാറുകയായിരുന്നു ലക്ഷ്യം.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എ.ബി. സജീവ് കുമാർ, കെ.എ. പോൾ, എം.പി. ഉമ്മർ, പ്രിവന്റീവ് ഓഫീസർ എം.എം. അരുൺകുമാർ, സി.പി. ജിനേഷ് കുമാർ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |