ആലപ്പുഴ: ജില്ലയിൽ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രം തകരാറിലായതോടെ മണിക്കൂറുകളോളം പോളിംഗ് വൈകി. മണ്ണഞ്ചേരി പഞ്ചായത്തിൽ പോളിംഗ് നിറുത്തിവച്ചു. അഞ്ചാംവാർഡിലെ ഒന്നാം നമ്പർ ബൂത്തിലെ (അമ്പലക്കടവ് ഗവ.എച്ച്.എസ്.എസ് സൗത്ത്) പോളിംഗാണ് നിറുത്തിവച്ചത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വാർഡ് 20ലെ മത്സ്യഭവൻ ബൂത്ത്, തലവടി പഞ്ചായത്ത് പതിനൊന്നാം വാർഡിലെ തലവടി ഗവ.ഹൈസ്‌കൂൾ, അമ്പലപ്പുഴ പുറക്കാട് പഞ്ചായത്ത് 13ാംവാർഡിലെ ഒറ്റപ്പന ക്ഷേത്രം രണ്ടാംബൂത്ത്, കൈനകരി തോട്ടുവാത്തല സ്കൂളിലെ ഒന്നാം നമ്പർ ബൂത്ത് എന്നിവിടങ്ങളിലും വോട്ടിംഗ് യന്ത്രം പണിമുടക്കി.
ചേപ്പാട് ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിലെ ചേപ്പാട് സി.കെ.എച്ച്.എച്ച്. എസിലെ ബൂത്തിൽ ഒരു മണിക്കൂറിലേറെ വോട്ടിംഗ് മുടങ്ങി. ഉച്ചക്ക് ഒന്നിന് 400 വോട്ടുകൾ പോൾ ചെയ്തശേഷമാണ് യന്ത്രം പണിമുടക്കിയത്. പകരം യന്ത്രം സ്ഥാപിച്ചാണ് വോട്ടിംഗ് പുനരാരംഭിച്ചത്. തുടർന്ന് തിരക്ക് നിയന്ത്രിക്കാൻ കഴിയാതായി. ഒരുപൊലീസുകാരൻ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഇത് ഏറെനേരം വാക്കുതർക്കത്തിന് ഇടയാക്കി. കൂടുതൽ പൊലീസിനെ നിയോഗിച്ചാണ് പ്രശ്‌നംപരിഹരിച്ചത്.
ആലപ്പുഴ തിരുവമ്പാടി സ്കൂളിലെ ബൂത്തിൽ ഉച്ചക്ക് 12ന് യന്ത്രം തകരാറിലായതോടെ 20 മിനിറ്റ് വോട്ടെടുപ്പ് വൈകി. ആലപ്പുഴ കാക്കാഴം സ്കൂളിലെ യന്ത്രത്തകരാർ 10 മിനിറ്റിന് ശേഷമാണ് പരിഹരിച്ചത്.
കൈനകരി തോട്ടുവാത്തലയിലെ പോളിംഗ് ബൂത്തിലും തർക്കമുണ്ടായി. പ്രായമായ ആൾക്കൊപ്പമെത്തിയ സഹായി വോട്ടുചെയ്തുവെന്ന് ആരോപിച്ച് എൽ.ഡി.എഫ് ബൂത്ത് ഏജന്റ് തടഞ്ഞതാണ് തർക്കത്തിന് കാരണം. ഒടുവിൽ പൊലീസെത്തി പ്രശ്‌നം പരിഹരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |