
മുഹമ്മ: വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥിയുടെ പേരിലെ ബട്ടൺ ലോക്ക് ചെയ്ത നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ പ്രവർത്തിച്ചിരുന്ന മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിലെ ഒന്നാം നമ്പർ ബൂത്തിലെ പോളിംഗ് റദ്ദാക്കി. ഇവിടെ നാളെ റീപോളിംഗ് നടത്തും.
ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലെ ബി.എസ്.പി സ്ഥാനാർത്ഥി ഷൈലജ എസ്. പൂഞ്ഞിലിയുടെ പേരിന് നേരെയുള്ള വോട്ടിംഗ് ബട്ടനാണ് വോട്ടിംഗ് യന്ത്രത്തിൽ ലോക്ക് ചെയ്ത നിലയിൽ കാണപ്പെട്ടത്. ഇതേ തുടർന്ന് വൈകിട്ട് വരെ സ്ഥാനാർത്ഥി ബൂത്തിൽ കുത്തിയിരുന്നു.
1077 വോട്ടുകളുള്ള ബൂത്തിൽ 621 വോട്ടുകൾ പോൾ ചെയ്ത ശേഷമാണ് സംഭവം പുറത്തറിഞ്ഞത്. ഷൈലജ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പരിശോധിച്ചപ്പോൾ പേര് വെട്ടിയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഉച്ചയോടെ ബി. എസ്.പി സ്ഥാനാർത്ഥിയുടെ പോളിംഗ് ഏജന്റ് വയലാർ ജയകുമാർ എത്തി വോട്ടിംഗ് യന്ത്രം പരിശോധിച്ചപ്പോഴാണ് പിഴവ് കണ്ടെത്തിയത്. പരാതി നൽകിയതോടെയാണ് പോളിംഗ് നിർത്തിവച്ചത്.
സംഭവമറിച്ച് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ എസ്. ബിജു ബൂത്തിലെത്തി പരിശോധന നടത്തി.
മെഷീൻ ലഭിച്ചപ്പോൾ തന്നെ ബി.എസ്.പി സ്ഥാനാർത്ഥിയുടെ പേരിന് നേരെ വോട്ട് ചെയ്യാനുള്ള ബട്ടൺ മാസ്ക് ചെയ്ത നിലയിലായിരുന്നുവെന്നും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ പട്ടിക ലഭിച്ചിരുന്നില്ലെന്നും പോളിംഗ് ഓഫീസർ ആർ.എസ് . അനിത പറഞ്ഞു.
തെരഞ്ഞെടുപ്പ് നിർത്തി വെച്ചതറിഞ്ഞ് ജനങ്ങളും പാർട്ടി പ്രവർത്തകരും മാദ്ധ്യമ പ്രവർത്തകരും തടിച്ചുകൂടി. തോട്ടടുത്ത രണ്ടാം നമ്പർ ബൂത്തിൽ തടസമില്ലാതെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി.
വോട്ടിംഗ് യന്ത്രത്തിലെ ബട്ടൺ വോട്ട് ചെയ്യാൻ സാധിക്കുന്നവിധം അൺ മാസ്ക് ചെയ്യാതിരുന്നതാണ് പ്രശ്നത്തിന് ഇടവരുത്തിയത്. പോളിങ്ങിന് മുമ്പ് മോക് പോൾ നടത്തിയപ്പോൾ സ്ഥാനാർത്ഥിയുടെ പോളിംഗ് ഏജന്റുമാർ ഇല്ലാതിരുന്നതിനാലാണ് തുടക്കത്തിൽ പിഴവ് കണ്ടെത്താൻ കഴിയാതെ പോയത്
- എസ്. ബിജു, ഡെപ്യൂട്ടി കളക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |