കൊല്ലം: വോട്ടിംഗ് മെഷീനുകൾ സ്ട്രോംഗ് റൂമിൽ കയറിയതോടെ, വോട്ടെണ്ണൽ കാത്തിരിപ്പിനിടയിൽ വാതുവയ്പുകാർ സജീവമായി. വാർഡ് മുതൽ ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥികളിൽ വിജയികൾ ആരെന്നറിയാൻ ഇനി 13 വരെ കാക്കണം. ജനവിധിക്ക് ശേഷമുള്ള കൂട്ടലും കിഴിക്കലുമായി സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും സജീവമായപ്പോഴാണ് വാതുവയ്പുകാരും കളംപിടിച്ചത്.
പോൾ ചെയ്ത വോട്ടും തങ്ങൾക്ക് കിട്ടേണ്ടതും മറുമുന്നണിക്കും സ്വതന്ത്രർക്കുമൊക്കെ പോയതുമൊക്കെയായിട്ടാണ് കണക്കുകൂട്ടലുകൾ. വിജയികളെ പ്രഖ്യാപിക്കുകയും ഭൂരിപക്ഷം വ്യക്തമാക്കുകയും ചെയ്തവരുമുണ്ട്. അതിനിടയിലാണ് തർക്കങ്ങളും വാതുവയ്പുകാരും ഇടം പിടിച്ചത്.
വാർഡ് സ്ഥാനാർത്ഥികൾക്കും ബ്ളോക്ക്- ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾക്കും വിജയ പരാജയങ്ങൾ പ്രവചിച്ചാണ് വാതുവയ്പ്. പഞ്ചായത്ത്, നഗരസഭാ ഭരണം പിടിക്കുന്നത് ആരെന്നതും പന്തയത്തിലുണ്ട്. പന്തയത്തുക 1000 മുതൽ മുകളിലേക്കാണ്. പന്തയം ഒരു ഫുൾ ബോട്ടിലിൽ ഒതുക്കുന്നവരുമുണ്ട്. മൊട്ടയടിക്കും പാതി മീശ വടിയ്ക്കും തുടങ്ങിയ പഴയകാല പന്തയങ്ങൾ ഇക്കുറി കാര്യമായിട്ടില്ല. വോട്ടെടുപ്പ് കഴിഞ്ഞിട്ടും കവലകളിൽ തിരഞ്ഞെടുപ്പ് തന്നെയാണ് ചർച്ച. ഇന്നലെവരെ തിരഞ്ഞെടുപ്പ് ഗോദയിലുണ്ടായിരുന്നവർ പഴയ സൗഹൃദത്തിലേക്ക് കടന്നെങ്കിലും തർക്കം കൈയാങ്കളിയിലേക്കും നീളുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |