കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണം ജില്ലയിൽ കൊടുമ്പിരി കൊണ്ടിരുന്നെങ്കിലും പോളിംഗ് ശതമാനം ജില്ലയിൽ ഇടിഞ്ഞു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 73.8 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ്. എന്നാൽ ഇന്നലെ രാത്രി 7.30 വരെയുള്ള കണക്ക് പ്രകാരം 70.9 % ആണ് പോളിംഗ്. അന്തിമ കണക്ക് വരുമ്പോൾ പോളിംഗ് ശതമാനം അല്പം കൂടി ഉയർന്നേക്കും.
കുറച്ചധികം ബൂത്തുകളിൽ വൈകിട്ട് 6ന് ശേഷവും പോളിംഗ് നീണ്ടു. വൈകിട്ട് ആറ് വരെ ബൂത്തിനുള്ളിൽ എത്തിയവർക്ക് ടോക്കൺ നൽകിയാണ് ഇവിടങ്ങളിൽ പോളിംഗ് പൂർത്തിയാക്കിയത്. ഉച്ചയ്ക്ക് 1.30 ഓടെ ജില്ലയിൽ പോളിംഗ് 50 ശതമാനം കടന്നിരുന്നു. രാവിലെ 7 മുതൽ ഉച്ചവരെ ഭൂരിഭാഗം പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ ക്യൂ ഉണ്ടായിരുന്നു. പിന്നീട് വൈകിട്ട് 4ന് ശേഷമാണ് വോട്ടർമാർ കൂട്ടത്തോടെ എത്തിയത്. രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തങ്ങൾക്ക് ഉറപ്പുള്ള വോട്ടുകൾ ഉച്ചയ്ക്ക് മുമ്പേ തന്നെ പോൾ ചെയ്യിപ്പിച്ചിരുന്നു. വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയതും പാർട്ടി പ്രവർത്തകർ തമ്മിലുണ്ടായ തർക്കങ്ങളും പലയിടങ്ങളിലും പോളിംഗിന്റെ വേഗതകുറച്ചു. മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും വോട്ടർപട്ടികയിൽ നിന്ന് പൂർണമായും ഒഴിവാക്കാതിരുന്നതും പോളിംഗ് ശതമാനം കുറയാനുള്ള കാരണമാണ്.
പോളിംഗിൽ മുന്നിൽ ഗ്രാമങ്ങൾ
പോളിംഗ് ശതമാനം കൂടുതൽ ഗ്രാമപ്രദേശങ്ങളിലാണ്. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ മാത്രമാണ് ഗ്രാമങ്ങളുടെ സ്വഭാവത്തിൽ ഉയർന്ന പോളിംഗ് നടന്നത്. പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളിൽ എട്ടിടത്ത് പോളിംഗ് എഴുപത് ശതമാനം കടന്നപ്പോൾ അഞ്ചൽ, വെട്ടിക്കവല പത്തനാപരം ബ്ലോക്ക് പഞ്ചായത്തുകളിൽ എഴുപതിൽ താഴെയാണ്.
ആകെ വോട്ടർമാർ: 22,54,848
വോട്ട് ചെയ്തത്: 15,96,711
പോളിംഗ് ശതമാനം: 70.3%
കൊല്ലം കോർപ്പറേഷൻ- 63.26%
നഗരസഭ
പരവൂർ- 69.18%
പുനലൂർ- 68.85%
കരുനാഗപ്പള്ളി- 73.98%
കൊട്ടാരക്കര- 66.19%
ബ്ലോക്ക്
ഓച്ചിറ- 74.71%
ശാസ്താംകോട്ട- 74.41%
വെട്ടിക്കവല- 69.99%
പത്തനാപുരം- 68.46%
അഞ്ചൽ- 69%
കൊട്ടാരക്കര- 70.89%
ചിറ്റുമല- 72.23%
ചവറ- 73.03%
മുഖത്തല- 71.93%
ചടയമംഗലം- 71.47%
ഇത്തിക്കര- 70.29%
മുന്നിൽ സ്ത്രീകൾ
ജില്ലയിലെ വോട്ടർമാരുടെ എണ്ണത്തിലും പോളിംഗ് ശതമാനത്തിലും സ്ത്രീകളാണ് മുന്നിൽ. വോട്ടർപട്ടികയിൽ 23 പേരാണ് ട്രാൻസ്ജെൻഡേഴ്സ് എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിൽ ആറ് പേർ മാത്രമാണ് വോട്ട് ചെയ്തത്.
സ്ത്രീകൾ: 8,71,031 (71.41%)
പുരുഷന്മാർ: 7,25,674 (69.01%)
ട്രാൻസ്ജെൻഡേഴ്സ്: 6 (26.09%)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |