
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ ഇനിയധികം സംസാരിക്കേണ്ട ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എംപി. തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് നഗരസഭാ തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന കേസ് യുഡിഎഫിന് പ്രതികൂലമാകുമോ എന്ന ചോദ്യത്തിനോട് അദ്ദേഹം പ്രതികരിച്ചു. നഗരസഭയുടെ പോരായ്‌മകളാണ് ജനങ്ങൾക്കിടയിൽ ചർച്ചയായതെന്നും രാഹുലിന്റെ വിഷയത്തിൽ സ്വീകരിക്കാൻ കഴിയുന്ന പരാമാവധി നടപടികൾ പാർട്ടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങൾ പ്രധാനമായും ജനങ്ങൾക്കിടയിൽ പറഞ്ഞത് ഈ നഗരഭരണത്തിന്റെ പോരായ്‌മകളാണ്. ജനങ്ങൾക്കിടയിൽ ചർച്ചയാവേണ്ടതും ചർച്ചയായതും ആ പോരായ്‌മകൾ തന്നെയാണ്. രാഹുലിന്റെ വിഷയത്തിൽ ഞാനിനി അധികം പ്രതികരിക്കേണ്ടതില്ല. ആ വിഷയം തന്നെ പറഞ്ഞുകൊണ്ടിരിക്കേണ്ട കാര്യവുമില്ല. വളരെ കർശനമായിട്ടുള്ള നടപടി കോൺഗ്രസ് പാർട്ടി സ്വീകരിച്ചിട്ടുണ്ട്. അത് ജനങ്ങൾ കണ്ടതാണ്. ഒരു പാർട്ടി എന്ന നിലയിൽ ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും കോൺഗ്രസ് ചെയ്‌തിട്ടുണ്ട്. ഇനി ബാക്കിയുള്ളതെല്ലാം നിയമപരമായിട്ടുള്ള നടപടികളാണ്. അത് അതിന്റെ വഴിക്ക് പോകട്ടെ. ഞങ്ങൾ ജനങ്ങളോട് പറയാൻ ശ്രമിക്കുന്നത് നഗരഭരണത്തിന്റെയും സംസ്ഥാനഭരണത്തിന്റെയും വീഴ്‌ചകളാണ്. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചാണ് ജനങ്ങൾക്കിടയിൽ ചർച്ചയാക്കിയത്'- ഷാഫി പറമ്പിൽ പറഞ്ഞു.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മുൻകാലത്തെ അപേക്ഷിച്ച് യുഡിഎഫ് മികച്ച വിജയം നേടുമെന്നും തങ്ങളുടെ സീറ്റുകളും ഭരണസമിതികളും വർദ്ധിക്കുമെന്നും ഷാഫി പറമ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ബിജെപി സിപിഎം പ്രവർത്തകർ അക്രമം നടത്തുന്നതായി ഷാഫി പറമ്പിൽ എംപി ആരോപിച്ചു. അക്രമം നടത്തുന്നവരെ പൊലീസ് സംരക്ഷിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്ഐആർ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |