കൊച്ചി: ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരെ ‘വെള്ളം കുടിപ്പിച്ചു’. എറണാകുളം സിറ്റിയിലെയും റൂറലിലെയും പൊലീസുകാരെ കൂട്ടത്തോടെ മറ്റ് ജില്ലകളിലെ തിരഞ്ഞെടുപ്പ് ജോലിക്ക് നിയമിച്ചതോടെ ഇടവേളയില്ലാതെ ആറു ദിവസം ജോലി ചെയ്യേണ്ട ഗതികേടിലായി ജില്ലയിലെ പൊലീസുകാർ. ഇതോടെ കൊലപാതകം അടക്കമുള്ള സുപ്രധാന കേസുകളിൽ അന്വേഷണം നടത്താൻ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണ്.
ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലെയും എസ്.എച്ച്.ഒമാരും പ്രിൻസിപ്പൽ എസ്.ഐമാരും ഒഴികെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും കഴിഞ്ഞ എട്ടുമുതൽ തിരഞ്ഞെടുപ്പ് ജോലിയിലാണ്. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 9ന് എറണാകുളത്തിന് പുറമെ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ തിരഞ്ഞെടുപ്പ് ജോലിക്കും ജില്ലയിലെ പൊലീസുകാരെ നിയമിച്ചിരുന്നു. ഇവർ 9ന് വോട്ടെടുപ്പ് കഴിഞ്ഞ് രാത്രി തിരിച്ചെത്തി മണിക്കൂറുകൾക്കകം 11ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുപ്പ് ജോലിക്ക് പുറപ്പെട്ടു. എറണാകുളം റൂറലിലെ പൊലീസുകാരെ കണ്ണൂർ സിറ്റിയിലും എറണാകുളം സിറ്റിയിലെ പൊലീസുകാരെ കണ്ണൂർ റൂറലിലുമാണ് അയച്ചത്,
മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ജില്ലയിലെ പൊലീസുകാരെ തിരഞ്ഞെടുപ്പ് ജോലിക്കിട്ടതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. എട്ടിന് രാവിലെ മുതൽ ഗ്രൂപ്പ് പെട്രോളിംഗ് തുടങ്ങിയ പൊലീസുകാരുൾപ്പെടെ ഒന്നും രണ്ടും ഘട്ടങ്ങളിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നു. പലർക്കും ഉറങ്ങാൻ പോലും സാധിച്ചില്ല. കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്ന് എറണാകുളത്ത് തിരിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ അന്നു തന്നെ കണ്ണൂരിൽ ജോലിക്ക് അയച്ചതിനെ ചൊല്ലിയും വിമർശനം ഉയർന്നിട്ടുണ്ട്. ഇതേ പൊലീസുകാരിൽ പലർക്കും വോട്ടെണ്ണൽ ദിവസമായി ഇന്നും ജോലി ചെയ്യണം.
സ്റ്റേഷനുകളിലെ കുറ്റാന്വേഷണ വിദഗ്ദ്ധരും സമർത്ഥരുമായ പൊലീസുകാരിൽ പലരും തിരഞ്ഞെടുപ്പ് ജോലിയ്ക്ക് പോയത് അന്വേഷണത്തെ ബാധിച്ചു. എറണാകുളം നഗരത്തിൽ കഴിഞ്ഞയാഴ്ച നടന്ന കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ അന്വേഷണം മന്ദഗതിയിൽ നീങ്ങുന്നതും ഇതേത്തുടർന്നാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |