
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് പീഡനക്കേസുകളിലേയും അന്വേഷണം ക്രൈംബ്രാഞ്ചിന്. തിരുവനന്തപുരത്തെ യുവതിയുടെ പരാതിയിലെടുത്ത ആദ്യ കേസിൽ തിരുവനന്തപുരം സിറ്റി പൊലീസ് ഡി.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണം. ഈ കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ക്രൈംബ്രാഞ്ച് കൊല്ലം ഡിവൈ.എസ്.പി എസ്. സാനിക്കാണ് അന്വേഷണച്ചുമതല. പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി ജി.പൂങ്കുഴലി മേൽനോട്ടം വഹിക്കും. ബംഗളൂരുവിൽ താമസിക്കുന്ന 23 കാരിയെ പീഡിപ്പിച്ച കേസ് പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയും അന്വേഷിക്കും.
ആദ്യ കേസിൽ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി കേസ് 15ന് വീണ്ടും പരിഗണിക്കും. രണ്ടാമത്തെ കേസിൽ ഉപാധികളോടെ പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന് മുൻകൂർജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
രാഹുൽ ഫ്ലാറ്റ്
ഒഴിയണമെന്ന്
റസിഡന്റ്സ് അസോ.
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഈ മാസം 25നകം പാലക്കാട്ടെ ഫ്ളാറ്റ് ഒഴിയണമെന്നാവശ്യപ്പെട്ട് ഫ്ളാറ്റിലെ താമസക്കാരുടെ അസോസിയേഷൻ നോട്ടീസ് നൽകി. രാഹുലിന്റെ കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരന്തരം ഫ്ളാറ്റിൽ പരിശോധനയടക്കം നടത്തുന്നത് മറ്റു താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
ഉടൻ ഒഴിയാമെന്ന് രാഹുൽ അറിയിച്ചതായാണ് വിവരം. കേസിനെ തുടർന്ന് ഒളിവിലായിരുന്ന രാഹുൽ വ്യാഴാഴ്ചയാണ് വോട്ടിടാൻ പാലക്കാട്ടെത്തിയത്. രാഹുൽ പാലക്കാട്ട് തുടരുകയാണ്. അന്വേഷണ സംഘം രാഹുലിന്റെ തുടർനീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |